ഇടുക്കി മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ച അരി ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ ശ്രമം. വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച അരിയും ഗോതമ്പും ആട്ടയും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ലോറിയും പോലീസ് പിടിച്ചെടുത്തു.
മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ച അരി ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ ശ്രമം. വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച 111 ചാക്ക് അരിയും ഗോതമ്പും ആട്ടയും പോലീസ് പിടിച്ചെടുത്തു.
സംഭവത്തില്‍ മുവാറ്റുപുഴ സ്വദേശി നൗഷദാണ് പിടിയിലായത്. സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച മിനി ലോറിയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ കൊരണ്ടിക്കാട് സ്‌കൂളിന് സമീപം വച്ചാണ് റേഷന്‍ സാധനങ്ങളുമായി വന്ന ലോറി പോലീസ് തടഞ്ഞ് പരിശോധിച്ചത്.
ഡ്രൈവറെ ചോദ്യം ചെയ്തതോടെ് സാധനങ്ങള്‍ റേഷന്‍ കടകളില്‍ നിന്ന് കടത്തി കൊണ്ട് വന്നതാണെന്ന് കണ്ടെത്തി. അരിയടക്കമുള്ള സാധനങ്ങള്‍ പരിശോധനക്ക് വിധേയമാക്കുന്ന നടപടികള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിതരണത്തിനായി എത്തിക്കുന്ന റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വ്യാപകമായി വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നതിനായി അരിയടക്കം വാഹനത്തില്‍ കയറ്റിയത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പോലീസിന് കൈമാറി.
തുടര്‍ന്ന് മൂന്നാര്‍ സി ഐയുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. ക്വാളിറ്റി ഓഫീസര്‍ പരിശോധനകള്‍ക്കായി സാബിളുകള്‍ ശേഖരിച്ചു.റേഷൻകടയുടമകൾക്കെതിരെ നടപടിയുണ്ടാകും. വ്യാപകമായ അരി കടത്തലിനെതിരെ ഇന്ന് ബി.ജെ.പിയുടെ നേത്രത്വത്തിൽ സപ്ലൈകോ ഓഫിസിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തും.