Share this Article
image
മരിച്ചത് എങ്ങനെ? കാണാതായ കുട്ടികളുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും
Post-mortem proceedings will be held today on the deaths of the missing children

തൃശ്ശൂര്‍ വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്നും കാണാതായ കുട്ടികളുടെ മരണത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. 8 വയസ്സുള്ള അരുണ്‍ കുമാറിന്റെയും 15 വയസ്സുള്ള സജികുട്ടന്റെയും മൃതദേഹങ്ങളാണ് ഇന്നലെ കാടിനുള്ളിൽ നിന്നും കണ്ടെത്തിയത്.  പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

കഴിഞ്ഞ രണ്ടാം തീയതി മുതലാണ് സജികുട്ടനെയും അരുൺ കുമാറിനെയും കാണാതായത്. വ്യായാഴ്ചയോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ കുട്ടികൾക്കായി നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടർന്നാണ് പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാവിലെയോടെ ശാസ്താംപൂവം കോളനിക്ക് സമീപത്തുള്ള ഉൾവനത്തിൽ തെരച്ചിൽ നടത്തിയത്. ഉച്ചയോടെ 8 വയസ്സുകാരന്‍ അരുണ്‍ കുമാറിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.

മരത്തിൽ നിന്ന് വീണ് മരിച്ചതിന് സമാനമായ രീതിയിലായിരുന്നു മൃതദേഹം. അരുണ്‍കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്നും 500 മീറ്ററോളം മാറിയാണ് സജികുട്ടന്‍റെ മൃതദേഹം കണ്ടെത്തിയത്. വനാതിർത്തിയിലെ ഫയർ ലൈന് സമീപമായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

അരുൺ കുമാറിന്റെ മൃതദ്ദേഹം കൂടുതൽ പഴകിയ നിലയിലാണ്. 15 പേരടങ്ങുന്ന 7 സംഘങ്ങളായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവികതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേൻ ശേഖരിക്കാൻ പോയപ്പോൾ വീണു മരിച്ചതാണോയെന്ന സംശയം ഉള്ളതായി റൂറൽ എസ് പി വ്യക്തമാക്കി. ഇരു മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടം ഇന്ന് തൃശൂർ മെഡിക്കൽകോളേജിൽ നടക്കും. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തിരിച്ചെത്തുമെന്ന പ്രതീക്ഷകളെ വിഫലമാക്കിയുള്ള കുട്ടികളുടെ മരണവിവരം ഊരിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.          


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories