അഭിമന്യു കൊലക്കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതിയാണ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
രേഖകള്‍ കാണാതായതില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം, വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2018ല്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായെങ്കിലും ഇതുവരെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യവും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 2018 ജൂലൈ 2നാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്.
അതേ വര്‍ഷം തന്നെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നീണ്ടുപോയി. ഇതിനിടെ സെന്‍ട്രല്‍ പൊലീസ് സമര്‍പ്പിച്ച രേഖകള്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കാണാതാവുകയായിരുന്നു. സെഷന്‍സ് കോടതി ജഡ്ജി തന്നെയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം 11 രേഖകളാണ് കാണാതായത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്നാണ് ഇവ കാണാതായത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.