ഗുരുവായൂർ നഗരസഭയുടെ അമൃത് ശുദ്ധജല വിതരണ പദ്ധതി മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. എല്ലാവർക്കും കുടിവെള്ളമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു..
എല്ലാവർക്കും കുടിവെള്ളമെത്തിക്കുകയെന്ന സർക്കാരിന്‍റെ ലക്ഷ്യത്തിന് ഗുരുവായൂർ കുടിവെള്ള പദ്ധതി വലിയ പ്രചോദനമാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗുരുവായൂര്‍ നഗരഭയുടെ ജല ദൗര്‍ലഭ്യം പരിഹരിച്ച് തദ്ദേശവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതാണ് പദ്ധതി. 150.88 കോടി രൂപയാണ് വിനിയോഗിച്ചത്. നഗരസഭയെ 3 മേഖലകളാക്കി തിരിച്ച് ശുദ്ധജലക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കുന്നതിനായി 2,050 - ല്‍ വരാവുന്ന ജനസംഖ്യ കണക്കിലെടുത്ത് ദീര്‍ഘവീക്ഷഷണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ആളോഹരി 150 ലിറ്റര്‍ വെള്ളവും, നഗരത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വെള്ളവും ഉള്‍പ്പടെ പ്രതിദിനം 150 ലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിനാണ് പദ്ധതി രൂപകല്പന ചെയ്തത്. കോട്ടപ്പടി ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് സമീപം നടന്ന ചടങ്ങിൽ എന്‍.കെ അക്ബര്‍ എം എൽ എ അധ്യക്ഷനായി.