സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ മാത്രം കിഫ് ബി യില്‍ നിന്ന് 8,600 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന്മന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ മെഡിക്കല്‍ - വിദ്യാഭ്യാസ ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഒരേസമയം ഒട്ടനേകം പ്രോജക്ടുകളാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുന്നത്. അമ്മയും കുഞ്ഞും ആശുപത്രിയിലുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, ഡെന്റല്‍ കോളേജ് കെട്ടിടം എന്നീ പ്രധാനപ്പെട്ട രണ്ട് പദ്ധതികള്‍ ഉള്‍പ്പെടെ 606.46 കോടി രൂപയുടെ പദ്ധതികളാണ് സമര്‍പ്പിച്ചത്.
ഒരേസമയം ഇത്രയും വലിയ തുകയ്ക്ക് ഒരുപാട് പ്രോജക്ടുകള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുന്നത് ഏറെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മെഡിക്കല്‍ രംഗത്ത് കിഫ്ബി വഴി നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ആരോഗ്യം മേഖലയില്‍ കേരളം ഒന്നാമതായി മുന്നേറുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ആരംഭിച്ച ആര്‍ദ്രം പദ്ധതിയിലൂടെ പഞ്ചായത്ത്തലം മുതല്‍ സംസ്ഥാനതലം വരെ ആരോഗ്യമേഖലയില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കി. ആരോഗ്യ മേഖലയില്‍ മാത്രം കിഫ് ബി യില്‍ നിന്ന് 8,600 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളജിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ചടങ്ങില്‍ എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ ആംബുലന്‍സും, 25 ഐ.സി.യു ബഡ്ഡുകളും മന്ത്രി കെ. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി.