ചിരട്ടകൊണ്ടുള്ള കരവിരുത് തീര്‍ക്കുന്ന പല വ്യക്തികളേയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ ഒന്നിച്ചിരുന്ന് ചിരട്ടയില്‍ വിസ്മയം തീർക്കുന്ന ഒരു കുടുംബമുണ്ട് തൃശ്ശൂര്‍ ചേലക്കരയില്‍..
ചേലക്കര എളനാട് നരിക്കുണ്ടിലെ പുറമ്പോക്ക് ഭൂമിയിലെ ഓടുമേഞ്ഞ ഒരു കൊച്ചു വീടുണ്ട്. ഈ വീടിനോട് ചേർന്ന ചെറിയ ചായിപ്പാണ് ഇവരുടെ'' ചിരട്ട കൂടാരം''. കുഞ്ഞുവാതിൽ തുറന്ന് അകത്തു കയറിയാൽ ആരും അത്ഭുതപ്പെട്ടു പോകും. അത്രക്കുണ്ട് ചിരട്ടയിൽ ഇവര്‍ തീർത്ത വിസ്മയങ്ങള്‍..
ജയൻ മങ്ങോട്ടിലിൻ്റെയും കുടുംബത്തിന്റെയും അധ്വാനത്തിന്റെ ഫലമാണ് ഇക്കാണുന്ന കരവിരുതുകളെല്ലാം. ആശാരിപ്പണി ഉപജീവനമാർഗ്ഗമാക്കിയ ജയന് അസുഖം ബാധിച്ച് അഞ്ചുവർഷം മുമ്പ് ആറുമാസത്തോളം വീട്ടിൽ കഴിയേണ്ടി വന്നു.
ഇതിനിടയിൽ ഒരു സുഹൃത്ത് അയച്ചു നൽകിയ യൂട്യൂബ് വീഡിയോ കണ്ടതോടെയാണ് ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങിയത്. കൂട്ടിന് 78 വയസ്സുള്ള അമ്മ ലക്ഷ്മിയും ഭാര്യ പ്രമീനയും മൂന്നു കുഞ്ഞു മക്കളും കൂടി ചേർന്നതോടെ ചിരട്ടയിൽ വിരിഞ്ഞത് വിസ്മയങ്ങളാണ്..
വിശ്വരൂപം, നടരാജ വിഗ്രഹം, ആറടി ഉയരത്തിൽ ഗുരുവായൂരപ്പൻ വിളക്ക്, അയ്യപ്പൻ വിളക്ക്, ഗണപതി വിളക്ക് തുടങ്ങി ഗ്രാമഫോണും റാന്തൽ വിളക്കും ഇലക്ട്രോണിക് ടേബിൾ ലാമ്പുകളും വരെ ഇവരുടെ ശേഖരത്തിലുണ്ട്. ചിരട്ടയിൽ ഈ കുടുംബം ഇതിനോടകം നിർമിച്ചത് 150 ഓളം ഉത്പന്നങ്ങളാണ്..
ചിരട്ട കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങൾ ജീവിതമാർഗമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാങ്ങാൻ ആളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവര്‍ തീര്‍ത്ത ചിരട്ട ഉത്പന്നങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹം. പ്രമുഖ വ്യവസായി യൂസഫലിയുടെ പൂർണ്ണകായ പ്രതിമ ചിരട്ട കൊണ്ട് നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഈ കുടുംബം.