കൊച്ചി ജോസ് ജംഗ്ഷനിലെ ഓപ്പണ്‍ തീയറ്ററില്‍ ചിത്രങ്ങള്‍ വരച്ച് കൊച്ചിക്കാരുടെ മനം കവര്‍ന്ന ജര്‍മ്മന്‍ കലാകാരന്‍ പീറ്റര്‍ ക്ലാര്‍, തിരികെ നാട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്. പോകുന്നതിന് മുന്‍പ് നഗരത്തിന്റെ കുറേ ഭാഗങ്ങള്‍ കൂടി നിറം പിടിപ്പിക്കുന്ന തിരക്കിലാണ് ഈ കലാകാരന്‍.
ജര്‍മ്മനിയില്‍ മഞ്ഞുകാലമായപ്പോള്‍ ബ്ലഷും കയ്യില്‍ പിടിച്ച് ലോകം ചുറ്റാനിറങ്ങിയതാണ് പീറ്റര്‍. തന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമായ ഗ്രാഫിറ്റിയിലൂടെ ലോകം മുഴുവന്‍ വര്‍ണ്ണം വിതറുകയാണ് ഇദ്ദേഹം. പനമ്പിള്ളി നഗറിലെ കുട്ടികളുടെ പാര്‍ക്കിലാണ് നിലവിലത്തെ പണിത്തിരക്ക്.
നല്ല ചൂട് ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ നിറക്കൂട്ടുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് പീറ്റര്‍. കുട്ടികളുടെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായ ജെറിയ്ക്കും ബഗ് ബണ്ണിയ്ക്കുമാണ് പാര്‍ക്കില്‍ സ്ഥാനം. ജര്‍മനിയില്‍ നിന്നും മുംബൈയില്‍ നിന്നും കൊണ്ടുവന്ന ചായങ്ങള്‍ ഉപയോഗിച്ചാണ് ഗ്രാഫിറ്റി തയ്യാറാക്കുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തന്നെ ചുമരുകളെല്ലാം ബുക്ക്ഡ് ആണ്. തെരഞ്ഞെടുപ്പ് ചുമരെഴുത്തുകള്‍ വളരെ മികച്ച ഗ്രാഫിറ്റികളാണെന്ന് പീറ്റര്‍ പറയുന്നു.
ജര്‍മനിയില്‍ കിച്ചണ്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന പീറ്റര്‍ അവിടെ ശീതകാലമാകുമ്പോഴാണ് തന്റെ കലയുടെ പ്രചരണാര്‍ത്ഥം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.