ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി വിദേശത്തേക്ക് കടന്ന പ്രതി ഡല്‍ഹിയില്‍ നിന്ന് പിടിയിലായി. കൊച്ചി തൃക്കാക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച യൂറോ ഫ്‌ളൈ ഹോളിഡേയ്‌സ് ഉടമ പാലക്കാട് സ്വദേശി ഷംസീര്‍ ഘാനാണ് പിടിയിലായത്. അര്‍മേനിയയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ മടങ്ങി എത്തിയപ്പോഴാണ് കേസിലെ മുഖ്യ പ്രതി ഷംസീര്‍ പിടിയിലായത്.
സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള 32 പേരില്‍ നിന്നായി വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതിയാണ് പടിയിലായ ഷംസീര്‍ഘാന്‍. തട്ടിപ്പ് നടത്തിയ ശേഷം കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഒളിവിലായിരുന്നു.
ഇതിനിടെ വിദേശത്തേക്ക് കടന്ന ഷംസീര്‍ ഷാര്‍ജ അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ സഞ്ചരിച്ചശേഷമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. കേരള പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷംസീറിനെ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ചു.
തുടര്‍ന്ന് കേരളപോലീസിനെ വിവരം അറിയിച്ചു.തൃക്കാക്കര പോലീസ് ഡല്‍ഹിയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്ത പണം കൈവശമില്ലന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഷംസീര്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതി സജാദ് പിടിയിലാകാനുണ്ട്.
തൃക്കാക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച യൂറോ ഫ്‌ലൈ ഹോളിഡേസ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ആല്‍ഫിയ ജോണ്‍ നേരത്തെ പിടിയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഷംസീറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇതിനായി കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പോലീസ് പറഞ്ഞു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.