ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ വിരിയിച്ച് പത്മശാലിയ പൊറാട്ട് അരങ്ങിലെത്തി. വടക്കേ മലബാറിലെ പൂരോത്സവത്തിന്റെ ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായാണ്് പിലിക്കോട് തെരുവില്‍ പൊറാട്ട് വേഷങ്ങള്‍ അണിനിരന്നത്.
കാസറഗോഡ്,പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം കാര്‍ത്തിക വിളക്ക് മഹോത്സവത്തിന്റെ ഭാഗമായാണ് ആചാരപ്പെരുമയില്‍ ആക്ഷേപ ഹാസ്യവുമായി പൊറാട്ട് വേഷങ്ങള്‍ അരങ്ങിലെത്തിയത്.പൂരക്കാലത്തെ സവിശേഷമായ ഈ ആചാരം കാണാന്‍ നിരവധി പേര്‍ ഒഴുകിയെത്തി.
പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തില്‍ നിന്നുമാണ് പത്മശാലിയ പൊറാട്ട് ആരംഭിച്ചത്. മാണിക്യക്കല്ല് എന്ന സ്ഥലത്തിന് വേണ്ടി അള്ളട സ്വരൂപവും ഇളംകൂത്ത് സ്വരൂപവും തമ്മിലുണ്ടായ അങ്കുറപ്പാടും യുദ്ധവര്‍ണ്ണനകളും പൊറാട്ടിന്റെ ഐതിഹ്യമായി പറയുന്നു.
ചെണ്ടയില്‍ വലംതാളം അടിച്ച് കൈവിളക്കും പിടിച്ച് വാല്യക്കാര്‍ അരയാല്‍ തറയില്‍ എത്തി കൊട്ടിയറിയപ്പ് നടത്തിയതോട് കൂടിയാണ് തെരുവില്‍ പൊറാട്ട് വേഷങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ആനുകാലിക വേഷങ്ങള്‍ കൂട്ടം കൂട്ടമായി കടന്നു വന്നപ്പോഴേ വഴിക്കിരുവശവും തിങ്ങിനിറഞ്ഞിരുന്ന ആള്‍ക്കൂട്ടങ്ങളില്‍ ചിരി പടര്‍ന്നു. ആനുകാലിക സംഭവങ്ങള്‍ക്കു നേരെ പൊറാട്ട് വേഷങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ വിരല്‍ ചൂണ്ടിയപ്പോള്‍ കാണികളായെത്തിയവര്‍ ആര്‍ത്തുചിരിച്ചു.
സാമൂഹ്യ പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചാണ് ഇവര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസവും തൊടുക്കുന്ന ഇവര്‍ ജനങ്ങളുമായി ഹാസ്യാത്മകമായി സംസാരിച്ചു. അട്ടക്കണം പോതി, ചേകവന്മാര്‍, കേളി പാത്രം, വാഴപോതികള്‍, തുടങ്ങിയവയാണ് പൊറാട്ടിലെ പരമ്പരാഗത വേഷങ്ങള്‍. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ പൊറാട്ട് വേഷങ്ങളിലൂടെ സമൂഹത്തിന്റെ മുന്നില്‍ തുറന്നു കാട്ടുകയാണ് ഈ ആചാരത്തിലൂടെ ചെയ്യുന്നത്.