തൃശൂർ എരുമപ്പെട്ടി കുന്നത്തേരി പാടശേഖരത്തിൽ 'കുഞ്ഞുകുഞ്ഞു വർണ്ണ' യുടെ പുഞ്ചക്കാലമാണ്..ഈ കൊടും ചൂടിലും പരീക്ഷണടിസ്ഥാനത്തിൽ ഇറക്കിയ കൃഷി കർഷകർക്ക് നൽകിയത് മികച്ച വിളവാണ്..
മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ് മീന ചൂടേറ്റ് വറ്റിവരണ്ട് കിടക്കുന്ന 120 ഏക്കറോളം വരുന്ന എരുമപ്പെട്ടി കുന്നത്തേരി പാടശേഖരത്തിലെ രണ്ട് ഏക്കറിലാണ് പാലക്കാടൻ മട്ട വിഭാഗത്തിൽപ്പെട്ട 'കുഞ്ഞുകുഞ്ഞു വർണ്ണ' കതിരിട്ട് നിൽക്കുന്നത്.
ആദ്യമായാണ് ഈ പാടശേഖരത്തിൽ കെ.കെ.വർണ്ണയെന്ന് വിളിക്കുന്ന കുഞ്ഞുകുഞ്ഞു വർണ്ണ കൃഷി ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത കൃഷി നല്‍കിയത് നൂറ് മേനി വിളവാണ് .വരവൂർ പഞ്ചായത്തിലെ അസിസ്റ്റൻ്റ് സെക്രട്ടറിയും കർഷകനുമായ ആൽഫ്രെഡ് മുരിങ്ങത്തേരിയാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് ..
റോഡിന് ഇരുവശവും കടുത്ത വേനലിൽ കതിരിട്ട് നിൽക്കുന്ന ഈ നെൽപാടം ആരേയും ആകർഷിക്കും.പാട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് കുഞ്ഞുകുഞ്ഞു വർണ്ണയുടെ വിത്ത് ലഭിച്ചത്. ഉയരം കുറഞ്ഞതും പ്രതിരോധ ശേഷിയുമുള്ള ചുവന്ന മട്ടയിനമാണ് കുഞ്ഞുകഞ്ഞു വര്‍ണ്ണ.
105 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഹൃസ്വകാല നെല്ലിനം കൂടിയാണിത്. ജലസേചനത്തിന് അധികൃതർ സൗകര്യമൊരുക്കി തന്നാൽ പുഞ്ചകൃഷി വ്യാപിപ്പിക്കുമെന്ന് പാടശേഖര സമിതി പ്രസിഡൻ്റ് എം.എഫ്.റെനി പറഞ്ഞു.
കഴിഞ്ഞ വർഷം ബ്ലാസ്റ്റ് രോഗം ബാധിച്ച് ഈ ഭാഗത്തെ പുഞ്ചകൃഷി നശിച്ചിരുന്നു. വിള ഇൻഷുർൻസ് പരിരക്ഷ ചെയ്തിട്ടുണ്ടെങ്കിലും രണ്ട് വർഷത്തെ തുക കിട്ടാനുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എന്നിരുന്നാലും പുഞ്ചകൃഷിയോടുള്ള താൽപര്യം കൊണ്ട് ആൽഫ്രെഡ് മുരിങ്ങാത്തേരി, ആനറ്റം പറംമ്പിൽ വിജയൻ,എം.എഫ് പ്രിൻസ് എന്നീ കര്‍ഷകര്‍ കൃഷി ഇറക്കിയത്.കർഷകരുടെ പ്രതീക്ഷയെ വാനോളമെത്തിച്ചാണ് കുന്നത്തേരി പാടശേഖരത്തിൽ കുഞ്ഞുകുഞ്ഞു വർണ്ണയുടെ കതിരിടല്‍.