ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം കുന്നംകുളത്ത് എത്തിയതായി സൂചന. കുന്നംകുളം ആർത്താറ്റ് സെന്റ്മേരിസ് ഓർത്തഡോക്സ് പള്ളിയിൽ കുർബാനയ്ക്കെത്തിയ രണ്ട് സ്ത്രീകളുടെ മാല കവർന്നു. തലക്കോട്ടുകര ക്ഷേത്രത്തിലെ പൂരത്തിനിടെ മൂന്ന് സ്ത്രീകളുടെ മാലയും മോഷണം പോയിരുന്നു..
കുന്നംകുളം തലക്കോട്ടുകര ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിനെത്തിയ മൂന്നു സ്ത്രീകളുടെ മാല കവർന്നതിന് പിന്നാലെയാണ് ആർത്താറ്റ് പള്ളിയിലും കവര്‍ച്ച നടന്നത്. കഴിഞ്ഞ ഞായറാഴ്ച കുർബാനക്കെത്തിയ സ്ത്രീകളുടെ മാലയാണ് കവർന്നത്. സംഭവത്തിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം കുന്നംകുളത്ത് എത്തിയതായാണ് സൂചന.
പഴഞ്ഞി സ്വദേശിനി 65 വയസ്സുള്ള മേരിയുടെ രണ്ടേകാൽ പവൻ തൂക്കം വരുന്ന മാലയും, ആർത്താറ്റ് സ്വദേശി 58 വയസ്സുള്ള ഷെെനിയുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന മാലയുമാണ് ആർത്താറ്റ് പള്ളിയിൽ വെച്ച് മോഷണം പോയത്. സംഭവത്തിൽ ഇരുവരും കുന്നംകുളം പോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മേഖലയിലെ സിസിടിവി ക്യാമറകൾ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.