ചെറുപ്രാണികളെ ആകര്‍ഷിച്ച് ഭക്ഷണമാക്കി കഴിക്കുന്ന ഇരപിടിയന്‍ ചെടി എന്നറിയപ്പെടുന്ന പിച്ചര്‍ ചെടി കൗതുകമാവുകയാണ്. ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി ശിവകൃപയില്‍ അനില്‍കുമാറിന്റെ പൂന്തോട്ടത്തിലാണ് അപൂര്‍വമായി മാത്രം കണ്ടു വരുന്ന ഇരപിടിയന്‍ ചെടിയുള്ളത്.
നെപ്പന്തേസീ, സറാസേനിയേസീ എന്നീ സസ്യകുടുംബങ്ങളിലെ കീടഭോജികളായ ഇരപിടിയന്‍ ചെടികള്‍ പിച്ചര്‍ ചെടികള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ സസ്യങ്ങളുടെ നീണ്ട ഇലയുടെ അഗ്രത്ത് കുടം പോലെയാണ്. ഇതിനു അടപ്പും ഉണ്ട്.
ഇതിനുള്ളില്‍ പ്രാണിയെ ദഹിപ്പിക്കാനുള്ള ഒരു മണമുള്ള ദ്രാവകമാണ്. ദ്രാവകത്തിന്റെ മണത്തില്‍ ആകൃഷ്ടരായി വരുന്ന പ്രാണികള്‍ അതിനുള്ളിലേക്ക് വീഴുകയും അടപ്പ് അടയുകയും ചെയ്യും. ദ്രാവകത്തില്‍ കിടന്ന് പ്രാണികള്‍ ദഹിച്ചാണ് ഈ ചെടികള്‍ക്ക് ഭക്ഷണമായി മാറുന്നത്.
വളമില്ലാത്ത പ്രതലങ്ങളിലാണ് ചെടിയുടെ വളര്‍ച്ച. ചകിരിച്ചോര്‍ നിറച്ച ചട്ടിക്കുള്ളിലാണ് അനില്‍കുമാര്‍ ഇതിനെ നട്ടുപിടിപ്പിച്ചത്. പല രാജ്യങ്ങളില്‍ നിന്നുള്ള, വാഴകള്‍, പ്ലാവുകള്‍, ആമ്പലുകള്‍, താമര, ആകാശ വെള്ളരി, കൃഷ്ണനാല്‍, കര്‍പ്പൂര മരം, അശോക വനത്തിലെ ശിംശിപ തുടങ്ങി വൈവിധ്യമാര്‍ന്ന സസ്യങ്ങളും വൃക്ഷങ്ങളും അനില്‍കുമാറിന്റെ വീട്ടുവളപ്പിനെ വ്യത്യസ്തമാക്കുന്നു.
നാടന്‍ മത്സ്യങ്ങളെ വളര്‍ത്തുന്ന മല്‍സ്യക്കുളവും ഇതിനോടപ്പമുണ്ട്. അദ്ധ്യാപികയായ ഭാര്യ അജിതയാണ് അനില്‍കുമാറിന്റെ അപൂര്‍വ ഉദ്യാനം പരിപാലിക്കുന്നത്.