കഷ്ടപ്പെട്ട് പഠിച്ച് ഒന്നാം റാങ്ക് നേടിയിട്ടും ജോലിക്കായി മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഒരു യുവതി. കോഴിക്കോട് മുക്കം നഗരസഭയിലെ മുത്താലം സ്വദേശിനി നീനുവാണ് ജോലിക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. റാങ്ക് ലിസ്റ്റ് വന്ന് 6 മാസം കഴിഞ്ഞിട്ടും ഒന്നാം റാങ്കുകാരിക്ക് പോലും ജോലിയില്ലാത്ത അവസ്ഥയാണ്.
വിദ്യാഭ്യാസം കൊണ്ട് ജീവിതത്തോട് പൊരുതി നില്‍ക്കാന്‍ തീരുമാനിച്ചതാണ് നീനു. സര്‍ക്കാര്‍ പക്ഷേ, ആ യുവതിയെ തോല്‍പ്പിക്കുകയാണ്! ഏറെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായിരുന്നു പി എസ് സി നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കോമേഴ്സ് പരീക്ഷയിലെ ഒന്നാം റാങ്ക്.
ലിസ്റ്റ് വന്നു മാസങ്ങള്‍ പിന്നിട്ടിട്ടും ഒന്നാം റാങ്കുകാരിയായ നീനുവിനടക്കം ലിസ്റ്റില്‍ പേരുള്ളവര്‍ക്കാര്‍ക്കും നിയമനം ലഭിച്ചിട്ടില്ല. അവരുടെ കഴിവിനും കഷ്ടപ്പാടിനും യാതൊരു വിലയുമില്ലാതെ പോകുന്നു. പി.എച്ച്.ഡി വിദ്യാര്‍ഥി കൂടിയാണ് നീനു. ലിസ്റ്റ് വന്ന് ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒന്നാം റാങ്കുകാരിയായ നീനുവിനടക്കം ലിസ്റ്റില്‍ പേരുള്ളവര്‍ക്കാര്‍ക്കും നിയമനം ലഭിച്ചിട്ടില്ല.
2023 സെപ്റ്റംബര്‍ 19നാണ് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കോമേഴ്‌സ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. മൂന്ന് വര്‍ഷമാണ് ലിസ്റ്റിന്റെ കാലാവധി. ആദ്യത്തെ ഒന്ന് രണ്ടു മാസത്തിന് ശേഷം ജോലി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാത്ത അവസ്ഥയാണെന്ന് നീനു പറയുന്നു.
ആദ്യ റാങ്കുകളില്‍ ഉള്ളവര്‍ക്ക് ജോലി ഉറപ്പാണെന്നായിരുന്നു ധാരണ. പിന്നീട് അന്വേഷിച്ചപ്പോഴാണ് മുന്‍പുള്ള പല റാങ്ക് ലിസ്റ്റുകളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് അറിയാന്‍ കഴിഞ്ഞത്. കോളജുകളില്‍ ആഴ്ചയില്‍ 16 മണിക്കൂര്‍ അധ്യാപകര്‍ ജോലി ചെയ്യണമെന്നാണ് ചട്ടം. നിലവില്‍ അതില്‍ താഴെമാത്രമാണ് ജോലി സമയം വരുന്നുള്ളൂ എന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ നിയമനങ്ങള്‍ തടഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍ എന്ന് നീനു പറയുന്നു.
നിലവില്‍ കോമേഴ്സില്‍ 27 ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എക്‌സസ് പ്രശ്നത്തില്‍ തീരുമാനമാകാതെ ഒരു പോസ്റ്റിലേക്കും നിയമനം നടത്തില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഇവര്‍ പറയുന്നു. 2019ല്‍ വിജ്ഞാപനം വന്നതിനു ശേഷമാണ് എക്‌സസ് പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുന്നത്.
2018ല്‍ പ്രീ ഡിഗ്രി നിര്‍ത്തലാക്കിയപ്പോള്‍ അധ്യാപകരുടെ പ്രവര്‍ത്തന സമയം കുറഞ്ഞു. അതോടെ ഒരുപാട് തസ്തികകള്‍ എക്‌സസ് ആയി മാറുകയും ചെയ്തു ജോലി ലഭിക്കാനായി എം.എല്‍.എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തുടങ്ങി നിരവധി ഓഫിസുകളില്‍ നീനു കയറിയിറങ്ങി.
എക്സസ് പ്രശ്നം നിലനില്‍ക്കുന്നതിനാലാണ് നിയമനം നടക്കാത്തതെന്നായിരുന്നു ആദ്യ വിശദീകരണം. പലവട്ടം ശ്രമിച്ചിട്ടും ഇതു വരെ മുഖ്യമന്ത്രിയെ കാണാനോ പ്രശ്‌നം അവതരിപ്പിക്കാനോ ഇവര്‍ക്ക് സാധിച്ചിട്ടില്ല. കോഴിക്കോട് നടന്ന മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ ശ്രമിച്ചങ്കിലും അതും നടന്നില്ല. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രശ്‌നം അവതരിപ്പിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷ നീനുവിനുണ്ട്.
റാങ്ക് ലിസ്റ്റിന് 3 വര്‍ഷത്തെ കാലാവധിയുണ്ടങ്കിലും 6 മാസം ഇപ്പോള്‍ തന്നെ കഴിഞ്ഞു.ഇനിയും പല ന്യായീകരണങ്ങളും നല്‍കി റാങ്ക് കാലാവധി കഴിയുമോ എന്നാണ് നീനു അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ ഭയപ്പെടുന്നത്.