കോന്നി സുരേന്ദ്രന് പിന്‍ഗാമിയാകാന്‍ ഗജവീരന്‍ 'കൃഷ്ണ'. പത്തനംതിട്ട കോന്നി ഇക്കോ ടൂറിസം സെന്ററിലെ ആനക്കൊട്ടിലില്‍ ലക്ഷണമൊത്ത ഗജവീരനായി മാറുകയാണ് കൃഷ്ണ.
2014 ഒക്ടോബര്‍ 27നാണ് കുട്ടിക്കൊമ്പന്‍ കൃഷ്ണയെയും അമ്മയെയും തിരുവനന്തപുരം നെടുമങ്ങാട് നിന്നും പിടികൂടി കോന്നിയില്‍ എത്തിക്കുന്നത്.പ്രദേശവാസികള്‍ക്ക് ഭീതി വിതച്ച കുട്ടിക്കൊമ്പനെയും പിടിയാനയേയും വനപാലകരും തിരുവനന്തപുരം ജില്ലാ ഭരണകൂടവും തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് പിടികൂടിയത്.
1977ല്‍ ആന പിടുത്തം സര്‍ക്കാര്‍ നിരോധിച്ചതാണെങ്കിലും പ്രത്യേക ഉത്തരവുകള്‍ നേടി വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ഇരുവരും കോന്നിയിലെ ത്തി. രണ്ടാനകളെയും മെരുക്കി വളര്‍ത്താനും ഔദ്യോഗിക തീരുമാനമുണ്ടായി.
ആനക്കൊട്ടലിലേക്ക് എത്തുന്ന പുതിയ അതിഥികളെ കാണാന്‍ അന്ന് വലിയ ജനക്കൂട്ടം തന്നെ എത്തിയിരുന്നു. ദേഹത്ത് ഏറെ മുറിവുകള്‍ ഉണ്ടായിരുന്ന പിടിയാന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെരിഞ്ഞു. കുട്ടിക്കൊമ്പന്‍ തനിച്ചായി. തുടര്‍ന്ന് ചട്ടം പഠിപ്പിക്കുന്ന കമ്പക കൂട്ടിലേക്ക് കൊമ്പനെ മാറ്റി. മൂന്നുമാസം നീണ്ടുനിന്ന പരിശീലനശേഷം കൊമ്പന് പേര് നല്‍കി ''കൃഷ്ണ'.
താപ്പാനകളായ പ്രിയദര്‍ശിനിയും സോമനും ഇടംവലം നിന്നാണ് കൃഷ്ണയെ അച്ചന്‍കോവിലാറ്റില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയിരുന്നത്. വഴിനീളെ നിരവധിയാളുകള്‍ ആ വരവ് കാണാന്‍ കാത്തുനില്‍ക്കുമായിരുന്നു.
അങ്ങനെ കൊമ്പന്‍ ഗജവീരന്മാരുടെ ചരിത്രത്തിലേക്ക് നടന്നു തുടങ്ങി. ഇപ്പോള്‍ പ്രായം 11 വയസ്സ്. ചെറുപ്രായത്തില്‍ തന്നെ ആകാരഭംഗിയിലും അഴകിലും സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ച കുട്ടികുറുമ്പന്‍ ഇന്ന് കോന്നി ആനക്കൂട്ടിലെ ആരും നോക്കി നിന്ന് പോകുന്ന തലയെടുപ്പുള്ള കരിവീരനായി മാറി.
ആനച്ചന്തത്തിന്റെ പര്യായമായ കോന്നി സുരേന്ദ്രന്റെ ഓര്‍മ്മയില്‍ കൃഷ്ണയുടെ തലയെടുപ്പും മട്ടും ഭാവവും ആസ്വദിക്കുകയാണ് ആനപ്രേമികള്‍. ഭാവിജീവിതം പ്രവചനാതീതം ആണെങ്കിലും ഇനി കൃഷ്ണയുടെ കാലമാണ്. കൃഷ്ണ കോന്നിയുടെ കറുത്ത മുത്തായി മാറിക്കഴിഞ്ഞു.