കോഴിക്കോട് ചാത്തമംഗലത്തും ബാലുശ്ശേരിയിലും തീപിടുത്തം. കോഴിക്കോട് ചാത്തമംഗലത്തെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി നശിച്ചു. ബാലുശ്ശേരി കിനാലൂരിൽ അടിക്കാടിന് തീപിടിച്ച് 30 ഏക്കറോളം സ്ഥലത്തെ ജൈവവൈവിധ്യങ്ങൾ നശിച്ചു.
ഇന്ന് രാവിലെ 7.30 ഓടെയാണ് ചാത്തമംഗലം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ വെള്ളലശ്ശേരിയിലെ മുണ്ടക്കൽ ഡെയ്സിയുടെ വീട്ടിൽ ഗ്യാസ് ചോർന്ന് പൊട്ടിത്തെറിച്ച് ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചത്.
ഗ്യാസ് തീർന്ന സിലിണ്ടർ മാറ്റി പുതിയ സിലിണ്ടർ ഘടിപ്പിക്കുമ്പോഴായിരുന്നു ചോർച്ച സംഭവിച്ചത്. പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടറിൽ നിന്നും തീഗോളമായി വന്ന് തൊട്ടടുത്ത തെങ്ങിനും തീ പിടിച്ചു.
ഡെയ്സിയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വിളിച്ചിരുന്ന 9500 രൂപയുടെ കറൻസി നോട്ടുകളും കത്തി നശിച്ചു. മുക്കത്ത് നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്ന് പുലർച്ചെ 1:30നാണ് കിനാലൂർ മങ്കയത്തെ എറമ്പറ്റ പ്രദേശത്ത് അടിക്കാടിന് തീപിടിച്ചത്.
തീപടർന്ന് 30 ഏക്കറോളം സ്ഥലത്തെ ജൈവവൈവിധ്യങ്ങളും കൃഷിയും നശിച്ചു. നരിക്കുനിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.