ആലപ്പുഴ മാന്നാറിലും റമദാന്‍ വിപണി കൈയ്യടക്കിയിരിക്കുകയാണ് മലബാര്‍ വിഭവങ്ങള്‍. നാടന്‍ വിഭവങ്ങളായ പഴം പൊരിയും ഉഴുന്നുവടയും ഉള്ളിവടയുമൊക്കെ ഉണ്ടെങ്കിലും മലബാര്‍ വിഭവങ്ങള്‍ക്കാണ് ഇഫ്താര്‍ വിരുന്നില്‍ ആധിപത്യം.
പുണ്യ റംസാനില്‍ നോമ്പ് തുറക്കാന്‍ മഗ്രിബ് ബാങ്ക് വിളി ഉയരുമ്പോഴേക്കും തീന്‍ മേശയില്‍ ഇഫ്താര്‍ വിഭവങ്ങള്‍ നിറഞ്ഞിട്ടുണ്ടാവും. ആലപ്പുഴയിലും മലബാര്‍ വിഭവങ്ങള്‍ക്കാണ് പ്രിയം ഏറെ. മലബാറുകാരുടെ ഇഷ്ടവിഭവങ്ങളായ ഉന്നക്കായയും, കായപ്പോളയും, കുരുവിക്കൂടിന് സമാനമായ കിളിക്കൂടിനുമാണ് ആവശ്യക്കാരേറെയുള്ളത്.
ഇതിന് പുറമെ കണ്ണൂര്‍ സ്‌പെഷല്‍ കല്‍മാസ്, കോഴിക്കോടന്‍ ചട്ടിപ്പത്തിരി, പഴം നിറച്ചത്, നെയ്പത്തിരി തുടങ്ങി 56 ഇല്‍ പരം വിഭവങ്ങളും ഇഫ്താര്‍ വിപണിയില്‍ ഇടംപിടിച്ചിട്ടുണ്ട്. 15 മുതല്‍ 30 രൂപ വരെയാണ് വില. വില കുറച്ച് കൂടുതലാണെങ്കിലും ഏറെ രുചികരമായ വിഭവങ്ങളൊക്കെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
എ.ജെ കാറ്ററിംഗ് ഉടമയും മാന്നാര്‍ പുത്തന്‍പള്ളി ജമാഅത്ത് സെക്രട്ടറിയുമായ നവാസ് ജലാലാണ് ആലപ്പുഴയിലും മലബാറിന്റെ രുചിക്കൂട്ട് ഒരുക്കുന്നത്. വൈകിട്ട് നാലുമണി മുതല്‍ വിഭവങ്ങള്‍ വാങ്ങാന്‍ ആളുകളുടെ തിരക്കാണിവിടെ. കൂടാതെ ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ചും പലഹാരങ്ങള്‍ ഉണ്ടാക്കി നല്‍കാറുണ്ട്. നോമ്പ് കാലമായതിനാല്‍ മാന്നാറിലെ മറ്റ് കടകളിലും മലബാര്‍ വിഭവങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.