കാസര്‍ഗോഡ് ആസാദ് നഗറില്‍ വീട്ടമ്മയുടെ രണ്ട് പവന്റെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ പിടിയിലായ മുഹമ്മദ് ഷംനാസ് സ്ഥിരം കുറ്റവാളി. കാപ്പ കേസില്‍ അറസ്റ്റിലായി നാടുകടത്തപ്പെട്ട ഇയാള്‍ 15ഓളം കേസുകളിലെ പ്രതിയാണ്.
ബൈക്കിലെത്തി മാല തട്ടിപ്പറിച്ച കേസുകളാണേറെയും. ജയിലില്‍ നിന്നും പുറത്തിറങ്ങുന്നയുടന്‍ തന്നെ വീണ്ടും കവര്‍ച്ച തുടരുന്ന ഷംനാസ് പോലീസിന് വലിയ തലവേദനയായി മാറുകയാണ്.
കാസർഗോഡ് ആസാദ് നഗറില്‍ വീട്ടമ്മയുടെ രണ്ട് പവനോളം തൂക്കം വരുന്ന സ്വര്‍ണ മാല തട്ടിപ്പറിച്ച സംഭവത്തില്‍, പിടിയിലായ മുഹമ്മദ് ഷംനാസ് സ്ഥിരം കുറ്റവാളിയാണ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍ ഡി പി എസ് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ ഷംനാസിനെ വയനാട്ടില്‍ നിന്നും തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡുമാണ് പിടികൂടിയത്.
തൃശിലേരി, ബാവലി ടൗണിലുള്ള ആല്‍മര ചുവട്ടില്‍ നിന്നും, സംശയം തോന്നി നടത്തിയ പരിശോധനയില്‍ എട്ടു ഗ്രാം കഞ്ചാവും സ്വര്‍ണമാലയുടെ കഷ്ണവുമായാണ് ഷംനാസ് അറസ്റ്റിലായത്. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യിലിലാണ് ഇയാള്‍ സ്ഥിരം കുറ്റവാളിയാണന്ന് തിരിച്ചറിഞ്ഞത്.
ബൈക്കിലെത്തി മാല തട്ടിപ്പറിക്കുന്നതില്‍ വിരുതനാണ് ഷംനാസ്.കേസുകളില്‍ പിടിയിലായി ജയിലില്‍ നിന്നുമിറങ്ങുന്നയുടന്‍ തന്നെ വീണ്ടും കവര്‍ച്ച തുടരുന്നതാണ് രീതി. നേരത്തെ സ്ഥിരമായി മാല കവരുന്ന സംഭവങ്ങളുണ്ടാകുന്നത് കാസര്‍കോടിനെ ആശങ്കയിലാഴ്ത്തിയിരുന്നു.അന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ: വൈഭവ് സഖ്സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബേക്കല്‍ ഡിവൈഎസ്പിയായിരുന്ന സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുകയും, പഴുതടച്ചുള്ള അന്വഷണത്തില്‍ ഷംനാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.മേല്‍പ്പറമ്പ്, വിദ്യാനഗര്‍,ബേഡഡുക്ക,ബേക്കല്‍ ,പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത പത്തിലേറെ കവര്‍ച്ച കേസുകളിലായിരുന്നു അറസ്റ്റ്.
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ഷംനാസ്,പിന്നീട് മറ്റൊരു കേസില്‍ ജയിലിലായി അടുത്തിടെയാണ് പുറത്തിറങ്ങിയത്. തുടര്‍ന്നാണിയാള്‍ ചൗക്കി ആസാദ് നഗറില്‍ സ്‌കൂട്ടറിലെത്തി, കുഡലു ,പായിച്ചാലിലെ 60 കാരിയായ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവനോളം തൂക്കം വരുന്ന സ്വര്‍ണ മാല തട്ടിപ്പറിച്ചത്.
ഉത്സവങ്ങള്‍ കേന്ദ്രീകരിച്ചും മാല പറിക്കല്‍ ശീലമാക്കിയ ഷംനാസ് കാസര്‍കോട്ടെ കവര്‍ച്ചയ്ക്ക് ശേഷം വയനാട്ടിലെ വള്ളിയൂര്‍ക്കാവ് പരിസരത്തേക്കാണെത്തിയത്. ഷംനാസില്‍ നിന്നു പിടികൂടിയ സ്വര്‍ണമാലയുടെ ഭാഗം ആസാദ് നഗറില്‍ നിന്നും കവര്‍ന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.കര്‍ണാടകയിലെ മടിക്കേരിയില്‍നിന്ന് സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് വന്നാണ് കവര്‍ച്ച നടത്തിയതെന്നും,മറ്റൊരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റാണ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.