കാട്ടാന ശല്യം ഇടുക്കി കോവിൽമല നിവാസികളുടെ ഉറക്കം കെടുത്തുന്നു. കാട്ടാനക്കൂട്ടം ദിവസങ്ങളായി ജനവാസ മേഖലയിൽ തമ്പടിക്കുകയാണ്. രാത്രിയിൽ ഉറങ്ങാതിരുന്ന് പടക്കം പൊട്ടിച്ചാണ് ആനകളെ ജനവാസ മേഖലയിൽ ഇറങ്ങാതെ തടഞ്ഞ് നിർത്തുന്നത്.
കഴിഞ്ഞ ദിവസവും കാട്ടാനകൾ ജനവാസ മേഖക്ക് സമീപത്ത് വരെ എത്തി. പകലും കാട്ടാനകൾ ജനവാസ മേഖലക്ക് അധികം ദൂരെയല്ലാതെ നിലയുറപ്പിച്ചിരിക്കുകയാണ്.കാഞ്ചിയാർ കോവിൽമലയിലെ കാട്ടാന ശല്യത്തിന് ഇനിയും പരിഹാരമില്ല.
രാത്രിയിൽ പടക്കം പൊട്ടിച്ചും വലിയ ആഴി കൂട്ടിയുമാണ് ആനകളെ അകറ്റി നിർത്തുന്നത്. പകലും രാത്രിയിലും കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിക്കുന്നു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ് . വനത്തിലെ നടപ്പാത കടന്ന് ഇടുക്കി ഡാമിലാണ് അലക്കാനും കുളിക്കാനും കുട്ടികൾ ഉൾപ്പെടെ ആദിവാസി കുടുംബങ്ങൾ പോകുന്നത്.
ജനവാസ മേഖലക്ക് സമീപത്തായി വൈദ്യുതി വേലിയുണ്ടങ്കിലും ഇതൊന്നും പ്രവർത്തിക്കുന്നില്ല. അതിനാൽ കാട്ടാനകൾ ക്ക് ഒരു തടസവും കൂടാതെ ജനവാസ മേഖലയിലെത്താം. വനത്തിൽ കാട്ടാനകൾക്ക് ഭക്ഷണം ലഭിക്കാത്തതിനാലാണ് ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്.
കോവിൽ മല മരുതും ചുവട്ടിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെത്തെ ജനവാസ മേഖലയിലെത്തിയ കാട്ടാനകൾ ഏക്കറ് കണക്കിന് കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചിരുന്നു. എന്നിട്ടും വേണ്ടത്ര നടപടി സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറായില്ലന്നും ആരോപണം ഉണ്ട്.
പ്രദേശത്തെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് അയക്കാൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ ജീവൻ പൊലിയുന്ന സാഹചര്യം നില നിൽക്കുന്നതിനാൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആദിവാസി സമൂഹം.