ഒരു വർഷക്കാലമായി നാട്ടുകാരായ കർഷകരെയും പൊലീസിനെയും ഒരു പോലെ ചുറ്റിച്ച വാഴക്കുല മോഷണ സംഘം പൊലീസ് പിടിയിലായി. കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ആണ് നാടിനെ ചുറ്റിച്ച മോഷണ സംഘത്തെ നാട്ടുകാർ പിടികൂടി കുന്നിക്കോട് പൊലീസിന് കൈമാറിയത്.
കൊല്ലം തലവൂർ ഞാറയ്ക്കാട് കൊല്ലൂട്ടുമുക്ക് സ്വദേശി വിഷ്ണു, കുന്നിക്കോട് ബീമ മൻസിലിൽ അനസ്, കുന്നിക്കോട് കാവൽപ്പുര ചിറ്റടത്ത് വീട്ടിൽ കിസർ ഖാൻ എന്നിവരാണ് പിടിയിലായത്. ഇവരോടെപ്പം ഉണ്ടായിരുന്ന മഞ്ഞക്കാല സ്വദേശി സാബു ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് വിളക്കുടി മീമാത്ത് മഠത്തിൽ വിദുവിൻ്റെ ഉടമസ്ഥതയിലുള്ള വാഴത്തോപ്പിൽ ഏത്തക്കുല വെട്ടി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ മോഷണസംഘത്തെ പിടികൂടിയത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
മാസങ്ങളായി ഈ മോഷണ സംഘം പ്രദേശത്തുള്ള നിരവധി കൃഷിയിടങ്ങളിൽ നിന്ന് വാഴക്കുലകൾ മോഷ്ടിച്ചതായി പരാതിയുണ്ട്. ഇവർ സ്ഥിരമായി പകലും രാത്രികാലങ്ങളിലും വിളവെടുക്കാറായ കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് വാഴക്കുലകൾ മോഷ്ടിച്ച് പെട്ടിഓട്ടോറിക്ഷയിൽ കടത്തികൊണ്ട് പോകും. ശേഷം ഈ വഴക്കുലകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാറാണ് പതിവെന്ന് എന്ന് പൊലീസ് അറിയിച്ചു.
എസ്.എച്ച്.ഒ. സജി, എസ്.ഐ.മാരായ ദിനേഷ്, ഹർഷകുമാർ, ജെയിംസ്, എ.എസ്.ഐ. ഓമനക്കുട്ടൻ പിള്ള, സി.പി.ഒ.സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണ സംഘത്തിലെ വിഷ്ണു മുൻപ് പോക്സോ കേസ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.