ഇടുക്കിയിൽ കാട്ടാനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമേ ഭീതി പരത്തി പെരുമ്പാമ്പ്.ഇടുക്കി നെടുങ്കണ്ടം വട്ടുപാറയിലാണ് നാട്ടുകാർക്ക് ഭീതി പടർത്തി പെരുമ്പാമ്പുകൾ നാട്ടിൽ ഇറങ്ങിയിട്ടുള്ളത്. നാട്ടുകാർ തുടർച്ചയായി പെരുമ്പാമ്പിനെ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഇല്ലെന്നും ആക്ഷേപം.
കഴിഞ്ഞ ഒരു വർഷമായി മേഖലയിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യമുണ്ട്. പലതവണ ആളുകൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതാണ്. ഇതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ എത്തുകയും പെരുമ്പാമ്പുകളെ നേരിട്ട് കാണുകയും ചെയ്തതാണ്.
എന്നാൽ പാമ്പുകൾ ഇര എടുത്തിട്ട് കിടക്കുകയാണെന്നും,അതിനാൽ ഇവ ഉപദ്രവിക്കില്ലന്നും പറഞ്ഞ് മടങ്ങുകയാണ് ഉണ്ടായത്. ഇതിനുശേഷം പലതവണ പാമ്പുകൾ മേഖലയിൽ എത്തി വീടുകൾക്ക് സമീപവും ഇവിടെ പ്രവർത്തിക്കുന്ന അംഗനവാടി സമീപവുമൊക്കെ പെരുമ്പാമ്പുകളുടെ സാന്നിധ്യമുണ്ട്.
ഇതിനാൽ തന്നെ കുട്ടികളെ അംഗനവാടിയിലേക്ക് അയക്കുന്നതിന് പോലും ഇപ്പോൾ നാട്ടുകാർക്ക് ഭയപ്പാടാണ്.സർപ്പ ആപ്പിൽ ബന്ധപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലന്നും നാട്ടുകാർ പറയുന്നു.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.