കുന്നംകുളത്തെ മതിലുകള്‍ കണ്ടാല്‍ ആരും നോക്കി നിന്നുപോകും. നഗരത്തിലെ പൊതുസ്ഥാപനങ്ങളുടെ മതിലുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ വരയ്ക്കുന്ന സന്ദേശങ്ങളും ജീവൻ തുടിക്കുന്ന ചിത്രങ്ങളുമാണ് വേറിട്ട കാഴ്ചയാവുന്നത്..
കുന്നംകുളം നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗമാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍..മാലിന്യസംസ്‌കരണം, ആഗോളതാപനം, പരിസ്ഥിതി പരിപാലനം, ജല സംരക്ഷണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മതിലുകൾ ആർട്ട് ഗാലറികളാക്കുന്നത്..
ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂള്‍, സീനിയർ ഗ്രൗണ്ട് റോഡ്, ജവഹർ സ്റ്റേഡിയം എന്നിവയുടെ മതിലുകളിലാണ് ചിത്രരചന. കാരിക്കേച്ചറുകളും കാർട്ടൂൺ ചിത്രങ്ങളും സന്ദേശങ്ങളുമാണ് വരയ്ക്കുന്നത്. നഗരസഭയുടെ ഇൻഫർമേഷൻ, എഡ്യൂക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ പരിപാടിയുടെ ഭാഗമായി ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് ചിത്രരചന ..
40 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അടുപ്പുട്ടി സ്വദേശി ആർട്ടിസ്റ്റ് സി.എൽ സണ്ണിയും സംഘവുമാണ് ചിത്രരചന നിര്‍വ്വഹിക്കുന്നത്.. ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥരായ എം എസ് ഷീബ, എസ് രശ്മി, എ അൻസാരി, പി.എസ് സജീഷ്, പി.പി വിഷ്ണു ശുചിത്വമിഷൻ യങ് പ്രഫഷണൽ ടി.വി മഞ്ജു എന്നിവരുടേതാണ് ആശയങ്ങൾ.നഗരസഭാ പ്രദേശത്തെ മുഴുവൻ പൊതുസ്‌ഥാപനങ്ങളുടെ മതിലുകളും ചുമരുകളിലും ഇത്തരത്തില്‍ ബോധവത്കരണം നടത്താനാണ് തീരുമാനം.