ചെങ്ങന്നൂര്‍: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി ബന്ധപ്പെട്ട് അടുപ്പം സ്ഥാപിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന യുവാവ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് കൊക്കയാര്‍ രംബ്ലി വടക്കേമലയില്‍ തുണ്ടിയില്‍ വീട്ടില്‍ അജിത് ബിജു (29)ആണ് പിടിയിലായത്.
ഇയാള്‍ ഇന്‍സ്റ്റഗ്രാം, റീല്‍സ്, ടിക് ടോക് എന്നിവ വഴി സ്ത്രീകളുമായി അടുപ്പമുണ്ടാക്കുകയും അവരെ വശീകരിച്ച് നഗ്നചിത്രങ്ങള്‍ എടുക്കുകയും അത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയുമാണ് ചെയ്തുവന്നത്.
സമാന കേസില്‍ മലപ്പുറത്ത് കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന ഇയാള്‍ 2021ല്‍ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. ചെങ്ങന്നൂര്‍ വനിതാപോലീസ് സ്‌റ്റേഷനില്‍ ചെങ്ങന്നൂരിലെ ഒരു യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തന്റെ സ്വര്‍ണാഭരണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്നായിരുന്നു പരാതിപ്പെട്ടത്.
എസ്പി ചൈത്ര തരേസയുടെ നിര്‍ദേശാനുസരണം ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ തോമസ്, എഎസ്‌ഐ രാജി ടി.കെ., പോലീസുകാരായ ശിവകുമാര്‍, ബിനുമോന്‍, ഷെഫീദ്, അരുണ്‍കുമാര്‍, രാജേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മറ്റ് നിരവധി സ്ഥലങ്ങളിലും സ്ത്രീകളെ കബളിപ്പിച്ചതായി വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.