പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുളിയന്‍കുന്നുമല സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്തുനിന്ന് ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു ആന ആക്രമിച്ചത്. ബിജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റി.
വീട്ടുമുറ്റത്തെ കൃഷികള്‍ നശിപ്പിക്കുന്നത് കേട്ടാണ് ബിജു വീട്ടുമുറ്റത്തിറങ്ങിയത്. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുലാപ്പള്ളി ടാക്‌സി സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് ബിജു. വീട്ടുമുറ്റത്ത് നിന്ന് 50 മീറ്റര്‍ അകലെയായാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കാട്ടാന ശല്യത്തെത്തുടര്‍ന്ന് വീട് ഒഴിയാനിരിക്കെയാണ് ദാരുണ സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബിജുവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. കലക്ടറെത്താതെ മൃതദേഹം മാറ്റില്ലെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
നഷ്ടപരിഹാരം അടക്കുള്ള വിഷയങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കലക്ടറെത്തി നഷ്ടപരിഹാരം ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പത്തനംതിട്ട ജില്ല കലക്ടര്‍ പ്രേം കൃഷ്ണന്‍ 10 ലക്ഷം രൂപ നഷ്ട പരിഹാരവും കുടുംബാംഗത്തിന് ജോലിയും ഉറപ്പു നല്‍കി. ഫെന്‍സിങ് അടക്കമുള്ളവ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡി എഫ് ഒ എത്തിയ ശേഷം തീരുമാനം ഉണ്ടാകും.