തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ഉണ്ടായ കടലാക്രമണത്തിൽ പലയിടത്തും വ്യാപക നാശനഷ്ടം. പൊഴിയൂരിൽ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. മുതലപൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടമുണ്ടായി. ഇന്നും കേരളതീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ച മുതലാണ് തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കടലാക്രമണം ഉണ്ടായത്. പൊഴിയൂർ, പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി.
കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറി. പൊഴിയൂരിൽ വെള്ളം കയറിയ വീടുകളിൽ നിന്നും പത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. ശക്തമായ കടലാക്രമണം ഉണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
ഇന്നും കടൽ ശാന്തമാകാത്തതിനാൽ മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാൻ പറ്റാത്ത അവസ്ഥയാന്നുള്ളത്. മുതലപൊഴിയിൽ മീൻപിടിക്കാൻ പോയ ബോട്ട് തിരയിൽ പെട്ട് മറിഞ്ഞു. ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച ബോട്ട് അപകടത്തിൽപ്പെട്ട ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
കേരളതീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഇന്നും തുടരുമെന്ന് ആണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെങ്കിലും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. തീരദേശ മേഖലകളിൽ വിനോദ സഞ്ചാരത്തിനും വിലക്കുണ്ട്.