തൃശ്ശൂര്‍ കരുവന്നൂരില്‍ സ്വകാര്യബസില്‍ നിന്നും വയോധികനെ കണ്ടക്ടര്‍ തള്ളി താഴെയിട്ടു.തലയ്ക്ക് ഗൂരുതര പരിക്കേറ്റ എട്ടുമന സ്വദേശി 68 വയസ്സുള്ള പവിത്രന്‍ ഐ.സി.യുവില്‍ ചികിത്സയില്‍.തൃശ്ശൂര്‍ - ഇരിങ്ങാലക്കുട റൂട്ടിലോടുന്ന 'ശാസ്ത' ബസില്‍ വച്ചാണ് സംഭവം..
തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരികയായിരുന്ന ശാസ്ത എന്ന ബസില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ച് വീണ പവിത്രന്‍റെ തല പിടിച്ച് കണ്ടക്ടര്‍ വീണ്ടും കല്ലില്‍ ഇടിച്ചതായും പവിത്രന്‍റെ മകന്‍ പ്രണവ് പറഞ്ഞു.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും , പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റി. തലയ്ക്ക് ഗുരുതര പരിക്കേറ്റ പവിത്രന്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്.
സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞു വച്ച് ഇരിങ്ങാലക്കുട പൊലീസിൽ വിവരം അറിയിച്ചതോടെ കണ്ടക്ടറേയും, ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.