Share this Article
image
കരുവന്നൂര്‍ മൂര്‍ക്കനാട് സംഘര്‍ഷത്തിനിടെ കുത്തേറ്റ ഒരാള്‍ കൂടി മരിച്ചു;ഇതോടെ മരണം രണ്ടായി
One more person died after being stabbed during the conflict in Karuvannur Moorkanad

തൃശ്ശൂര്‍ കരുവന്നൂര്‍ മൂര്‍ക്കനാട് നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി 40 വയസ്സുള്ള  സന്തോഷ്  ആണ്  മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11മണിയോടെയായിരുന്നു അന്ത്യം..കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം 6പേര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.

മിനിഞ്ഞാന്ന് വെെകിട്ട്  മൂര്‍ക്കനാട് ക്ഷേത്ര ഉത്സവത്തിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന്  ശേഷം  ആലുംപറമ്പിൽ വെച്ചാണ് സംഘർഷം നടന്നത്. 2 മാസം മുൻപ് നടന്ന ഫുട്ട്ബോൾ ടൂർണമെൻ്റിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ് കത്തിക്കുത്തെന്ന്  പോലിസ് പറഞ്ഞു.

സംഘം ചേർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ ആറോളം പേർക്ക് കുത്തേറ്റിരുന്നു. ഇതിൽ വെളുത്തൂർ സ്വദേശി 21 വയസ്സുള്ള അക്ഷയ്  സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. നാല് പേർ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇയാളുടെ ആന്തരിക അവയവങ്ങൾക്ക് കത്തി കുത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറ് പേരെ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

വെള്ളാങ്കല്ലൂര്‍ സ്വദേശി മെജോ ,കരുവന്നൂര്‍ സ്വദേശി അതുല്‍ കൃഷ്ണ, അമ്മാടം സ്വദേശി അക്ഷയ് , കാറളം സ്വദേശികളായ ഫാസില്‍, ജിഷ്ണു  എന്നിവരും പ്രായപൂര്‍ത്തിയാവാത്ത ഒരാളുമാണ് അറസ്റ്റിലായത്.ഇതില്‍ മെജോ നേരത്തെ ഒരു കൊലക്കേസില്‍ പ്രതിയാണ്.അതേസമയം ഈ കേസില്‍ പ്രധാന പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്.  ഇവർക്കായുള്ള അന്വേഷണം ഇരിങ്ങാലക്കുട പോലീസ് ഊർജ്ജിതമായി തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories