നിര്‍മാതാവ് മുരളിയും വൗ സിനിമ കമ്പനി ഉടമയും ചേര്‍ന്ന് കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ മലയാളി ഷിബു ജോണ്‍ ലോറന്‍സ്. ചില രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും ഇടപെടലും കേസിലുണ്ടെന്നും പ്രവാസി ആരോപിക്കുന്നു.
വ്യാജ കേസുകള്‍ നല്‍കി കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായിട്ടാണ് ഓസ്ട്രേലിയന്‍ മലയാളി ഷിബു ജോണ്‍ ലോറന്‍സ് രംഗത്തുവന്നത്. വെള്ളം സിനിമ നിര്‍മാതാവായ മുരളിയുമായി ചേര്‍ന്ന് ടൈല്‍സിന്റെ ബിസിനസ് നടത്തിയതില്‍ അഞ്ചു കോടി രൂപയുടെ നഷ്ടം നേരിട്ടെന്ന് അദ്ദേഹം പറയുന്നു.
ഗുണനിലവാരമില്ലാത്ത ടൈല്‍സ് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും ഇതിനെതിരെ കേസ് കൊടുത്തിരുന്നുവെന്നും ഷിബു പറയുന്നു. ഇതിനുപിന്നാലെയാണ് തനിക്കെതിരെ വ്യാജ പരാതികള്‍ മുരളി കേരളത്തിലെ വിവിധ ജില്ലകളില്‍ നല്‍കിയത്.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാലു കേസുകളാണ് വിവിധ ജില്ലകളിലായി ഷിബുവിനും കുടുംബത്തിനുമെതിരെ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഷിബുവിന്റെ സുഹൃത്തായതുകൊണ്ട് ബൈജു കൊട്ടാരക്കരയ്ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഷിബു പറയുന്നു. കേസില്‍ ചില രാഷ്ട്രീയക്കാരുടെ ഇടപെടലും നടന്നു. തൃശൂര്‍ കോടതി വളപ്പില്‍ വെച്ച് വൗ സിനിമാ ഉടമയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന കേസ്.
ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഷിബു വ്യക്തമാക്കുന്നു. തൃശൂര്‍ എസിപിയുടെ ഇടപെടലും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രവാസി മലയാളി പറയുന്നു. തന്നെ വേട്ടയാല്‍ തുടര്‍ന്നാല്‍ കേരളവുമായുള്ള എല്ലാ ബിസിനസ്സും അവസാനിപ്പിക്കുമെന്നും ഷിബു ജോണ്‍ ലോറന്‍സ് എറണാകുളത്ത് വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.