തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. മാറനല്ലൂര്‍ കൂവളശ്ശേരി നവോദയ ലെയിന്‍ ബ്ലസിങ് ഹൗസില്‍ എസ്. ഷീജ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാറ്റിന്‍കര പെട്രോള്‍ പമ്പിന് എതിര്‍വശത്തായിരുന്നു അപകടം.
ബസും സ്‌കൂട്ടറും നെയ്യാറ്റിന്‍കരയില്‍ നിന്നും പാറശ്ശാല ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ബസ് തട്ടി റോഡില്‍ തെറിച്ചുവീണ ഷീജയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. പോലീസെത്തി ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കളിയിക്കാവിളയിലേയ്ക്ക് സര്‍വീസ് നടത്തിയ പാപ്പനംകോട് ഡിപ്പോയുടെ ബസാണ് അപകടത്തിനിടയാക്കിയത്.
തേയില കമ്പനിയിലെ ഫീല്‍ഡ് സ്റ്റാഫാണ് ഷീജ. കടകളില്‍ നിന്ന് ഓർഡര്‍ ശേഖരിക്കാനായി പോകുമ്പോഴായിരുന്നു അപകടം.
വിദ്യാര്‍ഥികളായ ഷാരോണ്‍രാജും അഭിനന്ദുമാണ് ഷീജയുടെ മക്കൾ. കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ അനൂപിന്റെ പേരില്‍ കേസ് എടുത്തു.