മൂന്നു പതിറ്റാണ്ടിന്റെ ചരിത്രമോതുന്ന ചുവരെഴുത്തുണ്ട് പത്തനംതിട്ടയില്‍. പത്തനംതിട്ട വടശ്ശേരിക്കര ബൗണ്ടറിയിലുള്ള കനാലിന്റെ തൂണിലാണ് ഈ ചുവരെഴുത്തുള്ളത്
വര്‍ഷം 1987, നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് ഇടതുപക്ഷ മുന്നണിയുടെ ഇടിക്കുള മാപ്പിളയും കോണ്‍ഗ്രസിന്റെ എം.സി ചെറിയാനും. പോരാട്ടത്തില്‍ എം.സി ചെറിയാന്‍ ജയിച്ച് നിയമസഭയിലെത്തി. മൂന്ന് പതിറ്റാണ്ടിനിപ്പുറം തെരഞ്ഞെടുപ്പ് ഓര്‍മ്മകളുമായി മായാതെ നില്‍ക്കുകയാണ് അന്നത്തെ ചുവരെഴുത്ത്.
ഈ ചുവരെഴുത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യങ്ങള്‍ കീഴ്മാട് സംഭവത്തിനെതിരെയും തങ്കമണി സംഭവത്തിനെതിരെയുമായിരുന്നു. 1986ല്‍ നടന്ന പഞ്ചാബിലെ പൊലീസ് നടപടിയും മുദ്രാവക്യമായി. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് 1985 ല്‍ ആലുവ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തിയ സമരത്തിനെതിരെ പൊലീസ് ലാത്തി ചാര്‍ജ് ഉണ്ടായതായിരുന്നു കീഴ്മാട് സംഭവം.
കോണ്‍ഗ്രസിനെതിരെയാണ് ഈ ചുവരെഴുത്തെങ്കിലും 30 വര്‍ഷമായിട്ടും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും ഈ ചുവരെഴുത്ത് മായ്ക്കാന്‍ തയ്യാറാവുന്നില്ല. സ്മാരകമെന്ന നിലയിലാണ് എല്ലാവരും ചുവരെഴുത്തിനെ കാണുന്നത്. അക്കാലത്തെ രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പോരാട്ട ചരിത്രം പുതിയ തലമുറയിലെ വോട്ടര്‍മാര്‍ക്ക് പറഞ്ഞുകൊടുക്കാനും മുതിര്‍ന്നവര്‍ ശ്രമിക്കാറുണ്ട്.