പാനൂർ ബോംബ് സ്ഫോടനം കേസിൽ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ ഒരുങ്ങി പോലീസ്. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ചിട്ടാകും നടപടി. ബോംബ് നിർമ്മാണത്തിൽ പ്രതികൾക്ക് കൂടുതൽ സഹായം ലഭിച്ചിട്ടുണ്ടോയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്.
പാനൂർ ബോംബ് സ്ഫോടന കേസിൽ 12 പേരാണ് പ്രതികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിൽ ഒരാൾ അപകടത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. മറ്റ് 11 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
മറ്റു കേസുകളുമായി പ്രതികൾക്ക് ബന്ധം ഉണ്ടെങ്കിൽ കാപ്പ ചുമത്താൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സ്റ്റീൽ ബോംബ് നിർമാണത്തിൽ ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ബോംബ് നിർമാണത്തിലെ മുഖ്യസൂത്രധാരൻ ഷിജാൽ സുഹൃത്ത് അക്ഷയ് എന്നിവർക്ക് രക്ഷപ്പെടുവാൻ പുറത്തുനിന്നും സഹായം ലഭിച്ചതായും അന്വേഷണസംഘം സംശയിക്കുന്നു. ഇരുവരെയും ഇന്നലെ ഉദുമൽപേട്ടയിൽ നിന്നുമാണ് പിടികൂടിയത്.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രതികളിൽ നാലോളം പേർ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകരാണ്. ഇവർക്ക് ഗുണ്ടാസംഘവുമായുള്ള ബന്ധവും അന്വേഷിച്ചു വരികയാണ്