തൃശ്ശൂർ മാള പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം കവർന്ന സംഭവത്തിൽ രണ്ടു പ്രധാന പ്രതികൾ അറസ്റ്റിലായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി ഷാമോൻ , മേത്തല സ്വദേശി സാലിഹ് എന്നിവരാണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി കുഞ്ഞുമൊയ്തീൻ, മാള ഇൻസ്പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്..
ഇക്കഴിഞ്ഞ 30ന് രാവിലെ പതിനൊന്നു മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം. പണയത്തിലിരിക്കുന്ന സ്വർണ്ണം എടുപ്പിക്കാൻ എന്ന വ്യാജേന സംഘത്തിലുൾപ്പെട്ട സ്ത്രീ കോഴിക്കോട് സ്വദേശിയായ ശ്യാംലാലിനെ പൊയ്യ ബിവറേജിന് സമീപത്തേക്ക് വിളിച്ചു വരുത്തി.
ഇവരുടെ സഹോദരനെന്നു പറഞ്ഞ് ബൈക്കിലെത്തിയ യുവാവ് ശ്യാംലാലിനെ ബിവറേജ് ജംഗ്‌ഷനിൽ നിന്നുള്ള കഴിഞ്ഞിത്തറ റോഡിലേക്ക് കെണ്ടുപോയി. തുടർന്ന് വഴിയിൽ കാത്തു നിന്ന സാലിഹും ഷാമോനും കൂടിച്ചേർന്ന് ആക്രമിച്ച് അഞ്ചരലഷം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി കുഞ്ഞുമൊയ്തീൻകുട്ടി, മാള ഇൻസ്പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങൾക്കുള്ളിൽ രണ്ടു പ്രധാന പ്രതികൾ അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിറ്റേന്നു തന്നെ പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. രണ്ടാം പ്രതി ഷാമോനെ ബാംഗ്ലൂർ യെലഹങ്കയിലെ ഒളിത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം യലഹങ്ക പോലീസിൻ്റെ സഹായത്തോടെ സാഹസികമായി പിടികൂടിയത്. മൂന്നാം പ്രതി സാലിഹ് നെ മേത്തലയിൽ നിന്നാണ് പിടികൂടിയത്.