Share this Article
നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
A gang leader was hacked to death in Nedumbassery

എറണാകുളം നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. 

ഇന്ന് പുലര്‍ച്ചെയാണ് ഗുണ്ടാനേതാവായ വിനുവിക്രമന്‍ കൊല്ലപ്പെട്ടത്. ഇന്നലെ ബാറില്‍ മദ്യപിക്കാന്‍ എത്തിയ വിനുവിനെ ഒരാള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയിരുന്നു. കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയ്ക്ക് മുന്നിലിട്ടാണ് കൊലപാതകം നടത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ദേഹമാസകലം വെട്ടി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. അത്താണി സിറ്റിബോയ്‌സ് എന്ന പേരിലുള്ള ക്രിമിനല്‍ സംഘത്തിലെ പ്രധാനിയായിരുന്നു വിനു.

സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 2019 ല്‍ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു. ജാമ്യത്തിലിറങ്ങിയ വിനു ബാറുകളിലും പാറമടകളിളും പണപ്പിരിവു നടത്തിയിരുന്നു. മയക്കുമരുന്ന് ഇടപാടും ഇവര്‍ നടത്തിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം വിനു ചില ആളുകളുമായി തര്‍ക്കത്തിലേപ്പെട്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. വിനുവിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories