നോമ്പിൻ്റെ പുണ്യത്തിലൂടെ ചെറിയ പെരുന്നാളിൻ്റെ നിറവരിലേക്കെത്തിക്കഴിഞ്ഞു. ധന്യതയുടെ ഈ നിമിഷത്തിൽ ജീവകാരുണ്യത്തിൻ്റെ വ്യത്യസ്ത അനുഭവം പങ്കു വെക്കുന്ന ഒരു വനിതാ കൂട്ടായ്മയെ പരിചയപ്പെടാം. മൃതദേഹ പരിപാലനത്തിനായി സൗജന്യ സേവന കേന്ദ്രം. മട്ടാഞ്ചേരിയിലെ വനിതാ കൂട്ടായ്മയുടേതാണ് ഈ വ്യത്യസ്ത ആശയം.
ട്രസ്റ്റും അതിൻ്റെ പ്രവർത്തനവും തൊട്ടു മുമ്പത്തെ നോമ്പുകാല ചിന്തയിൽ നിന്നും രൂപപ്പെട്ടതാണ്. അത്യാധുനിക സംവിധാനത്തിലാണ് ഇത് ചെയ്യുന്നത്. മുന്നൊരുക്കങ്ങളും സജീകരങ്ങളും വിപുലമാണ്.
നവജാത ശിശുവിൻ്റെ മുതൽ പ്രായമായ ആളുടെ വരെ മൃതദ്ദേഹം പരിപാലിച്ച് യാത്രയാക്കിയിട്ടുണ്ട്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ കണ്ട് സ്നേഹത്തിൽ യാത്രയാക്കുമ്പോഴും ചിലതൊക്കെ വേദനയായി തുടരും.പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹങ്ങൾ പരിചരിക്കാനുള്ള പ്രത്യേകം പരിശീലനം നേടിയിട്ടുണ്ട്. പുരുഷൻമാരുടെ മൃതദേഹം പരിചരിക്കാൻ പുരുഷൻമാരുടെ തന്നെ പ്രത്യേക ഗ്രൂപ്പുണ്ട്.
ചിലവേറെയുള്ള സേവനം സൗജന്യമായി നൽകുന്നെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധം സുമനസുകളുടെ സഹായം ലഭിക്കാറുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സേവനമാണ് സൗജന്യമായി നൽകുന്നത്.
നോമ്പിലെ അവസാന ദിവസം വരെ ഇവർ പരിചരിച്ചത് 143 മൃതദേഹങ്ങൾ. അതിൽ കൂടുതലും സ്ത്രീകൾ. ആദ്യഘട്ടത്തിൽ ലക്ഷദ്വീപ് പോലുള്ള സ്ഥലങ്ങളിൽ നിന്നാണെങ്കിൽ ഇപ്പോൾ സമീപ പ്രദേശങ്ങളിൽ നിന്നും സഹായം തേടി എത്താറുണ്ട്.