ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ കമ്പകക്കാനം മുണ്ടൻമുടി മേഖലയിൽ ഡെങ്കിപ്പനി പടരുമ്പോഴും പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. റോഡ് വക്കിൽ തള്ളുന്ന മാലിന്യങ്ങൾ അഴുകി ജലസ്രോതസ്സിലേക്ക് എത്തുന്നതാണ് രോഗം പടരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ആലപ്പുഴ മധുര സംസ്ഥാനപാതയുടെ ഭാഗമായ മുണ്ടൻ മുടി കമ്പകക്കാനം കള്ളിപ്പാറ മേഖലയിൽ അജ്ഞാതർ രാത്രി കാലങ്ങളിൽ വൻതോതിൽ മാലിന്യങ്ങൾ നിക്ഷേപിച്ചു വരികയാണ്. കോതമംഗലം എറണാകുളം പെരുമ്പാവൂർ മേഖലയിൽ നിന്നും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്നിടുന്ന മാലിന്യങ്ങൾ വേനൽ മഴ പെയ്തതോടെ അഴുകി ജനവാസ മേഖലയിലേക്കും നാട്ടുകാരുടെ കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകി എത്തുകയാണ്.
പലയിടത്തും കുടിവെള്ളത്തിൽ മാലിന്യം കലർന്നതു മൂലം പ്രദേശത്ത് രോഗങ്ങളുംപിടിപെട്ടു. നിരവധി പേർ ഇതിനോടകം പനിയും വയറിളക്കവും ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച് വണ്ണപ്പുറം ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
പ്രദേശത്ത് നിരവധി പേർക്ക് ഇതിനോടകം ഡെങ്കിപ്പനി ബാധിച്ചു ഒരു കുടുംബത്തിലെ തന്നെ രണ്ടുപേർ തലേന്നും പിറ്റേന്നുമായി ഇതിനിടെ മരണമടഞ്ഞു. എന്നാൽ സ്ഥിതിഗതികൾ ഇത്ര രൂക്ഷമായിട്ടും വണ്ണപ്പുറം ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പുറമെ നിന്നും മാലിന്യങ്ങൾ വാഹനങ്ങളിൽ എത്തിച്ച് റോഡു വക്കിൽ തള്ളുന്നവരെ കണ്ടെത്തുവാനോ ശാശ്വതമായ നടപടി സ്വീകരിക്കുവാനോ പഞ്ചായത്ത് അധികൃതർ തയ്യാറാവാത്തതു മൂലം നാട്ടുകാർ കടുത്ത ആശങ്കയിലാണ് .