കൊല്ലത്ത് നടപ്പാത കയ്യേറി പഴവർഗ്ഗ കച്ചവടം നടത്തുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. കണ്ണനല്ലൂർ കുണ്ടറ റൂട്ടിൽ കുരീപ്പള്ളിയിൽ ആണ് നടപ്പാതയിൽ തണ്ണിമത്തൻ കൂട്ടിയിട്ട് കച്ചവടം നടത്തുന്നത്.
കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിനായി അടുത്തകാലത്താണ് കുരീപ്പള്ളിയിൽ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഇരുവശങ്ങളിലായി തറയോട് പാകിയത്. വൈകാതെ തണ്ണിമത്തൻ കച്ചവടക്കാർ നടപ്പാത കയ്യടക്കുകയും ചെയ്തു. നടപ്പാത കൈയേറിയതോടെ ഇതുവഴിയുള്ള കാൽനടക്കാരാണ് ബുദ്ധിമുട്ടിലായത്.
ഇവിടെ സാധനങ്ങൾ കയറ്റുവാൻ വരുന്ന വാഹനങ്ങളും നടപ്പാതയിലാണ് പാർക്ക് ചെയ്യുന്നത്. സുരക്ഷിതമായി നടക്കേണ്ട നടപ്പാതയിൽ നിന്നും പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ പലപ്പോഴും അപകടങ്ങൾ പതിവാകുന്നുണ്ട്.
നടപ്പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഒരു പരിഹാരവും കാണാൻ അധികാരികൾ ശ്രമിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നു.