ഇടുക്കി: അടിമാലിയിലെ ഫാത്തിമ കാസിമിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിലാകാനുള്ള തുമ്പ് ലഭിച്ചത് അടിമാലിയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന്.
അടിമാലി കുരിയൻസ് പടിയിൽ താമസിക്കുന്ന 70 വയസുകാരി ഫാത്തിമ കാസിമിനെ കൊന്ന് സ്വര്‍ണവുമായി മുങ്ങിയ പ്രതികൾ, അടിമാലിയിലെ തന്നെ ധനകാര്യ സ്ഥാപനത്തിൽ ഇതിൽ ചിലത് പണയം വെച്ചിരുന്നു. ഇവിടെ നൽകിയ വിലാസവും ഫോൺ നമ്പറും പ്രതികളുടേത് തന്നെയായിരുന്നു.
ഫാത്തിമയുടെ വീടിനടുത്ത് കണ്ട രണ്ട് പേരെ തിരഞ്ഞെത്തിയ പൊലീസിന് പ്രതികൾ ഇവരാണെന്ന് വ്യക്തമാവുകയും, പ്രതികളെ കണ്ടെത്താൻ സാധിക്കുന്ന ഫോൺ നമ്പറും വിലാസവും കിട്ടുകയും ചെയ്തു. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കിളിക്കൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്സ്, കവിത എന്നിവർ പാലക്കാട്ടുനിന്നാണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.