ആന എഴുന്നള്ളിപ്പിൽ വീണ്ടും വനം വകുപ്പിന്റെ സർക്കുലർ..തൃശ്ശൂർ പൂരത്തിന്റെ ആനകളെ പരിശോധിക്കാൻ എത്തുന്നത് വൻ സംഘം..വനം വകുപ്പിന്റെ 8 RRT സംഘവും,5 ജില്ലകളിൽ നിന്നുള്ള വനം വകുപ്പ് വെറ്റിനറി സർജൻമാരും സംഘത്തിൽ ഉണ്ടാകും.. ഇതു സംബന്ധിച്ച ഉത്തരവ് ഇരു ദേവസ്വങ്ങൾക്കും വനംവകുപ്പ് കൈമാറി..
ആനകളെ നിയന്ത്രിക്കാനും പരിശോധിക്കാനും 80 അംഗ ആര്‍ആര്‍ടി സംഘമാണ് എത്തുക. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെ, വനംവകുപ്പിന്‍റെ ഡോക്ടർമാരും ആനകളെ പരിശോധിക്കും. ഫീല്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ തുറന്നും റാപ്പിഡ് റസ്‌പോണ്‍സ് സംഘങ്ങളെ ഒരുക്കിയുമാണ് ആനപരിശോധന ശക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 8 ആര്‍.ആര്‍.ടി.ആണ് തൃശൂരിലെത്തുക. ഓരോന്നിലും 10 പേര്‍വീതമാണ് ഉണ്ടാകുക. നിലമ്പൂര്‍ , പാലക്കാട്, മലയാറ്റൂര്‍, ചാലക്കുടി, തൃശൂര്‍, കോട്ടയം, കോതമംഗലം, വയനാട് സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഡി.എം.ഒ.യുമായി ബന്ധപ്പെട്ട് അടിയന്തര ചികിത്സാസൗകര്യങ്ങള്‍ ഒരുക്കും.
കോട്ടയം, എറണാകുളം ഇടുക്കി,പാലക്കാട്, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരാണ് ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കുക. അതേസമയം സർക്കുലറിലെ നിബന്ധനകൾ അപ്രായോഗികമെന്നാണ് ആന ഉടമകളും ദേവസ്വം പ്രതിനിധികളും പറയുന്നത്.