പത്തനംതിട്ടയില്‍ തോമസ് ഐസക്ക് മത്സരിക്കാന്‍ എത്തിയപ്പോള്‍ കൂടെ വിവാദങ്ങളും ഉണ്ടായിരുന്നു. ആലപ്പുഴയില്‍ ഒന്നും ചെയ്യാതെ പത്തനംതിട്ടയിലേക്ക് ഒളിച്ചോടി വന്നു മത്സരിക്കുന്നു എന്നായിരുന്നു എതിര്‍ ക്യാമ്പിന്റെ ആരോപണം. ഇത് നേരിടാന്‍ ഇടതുപക്ഷം കണ്ടെത്തിയ മാര്‍ഗമാണ് ആലപ്പുഴക്കാരെ പത്തനംതിട്ടയില്‍ ഇറക്കി പ്രചാരണം നടത്തുക എന്നത്.
തോമസ് ഐസക്കാണ് കേരളത്തെ കടക്കണിയില്‍ ആക്കിയതെന്നും ആലപ്പുഴയില്‍ മത്സരിച്ച് മന്ത്രിയായിട്ടും മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പറഞ്ഞ ഐസക്ക് അവിടെ ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു യുഡിഎഫ്, എന്‍ഡിഎ ക്യാമ്പുകളുടെ പ്രധാന പ്രചാരണം. ഈ പ്രചാരണത്തിന് മറുപടി പറയാന്‍ അവസാന അടവ് എടുത്തിരിക്കുകയാണ് ഇടതുപക്ഷം.
ആലപ്പുഴ മാരാരിക്കുളത്തെ സിപിഐഎം പ്രവര്‍ത്തകരും , പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ആണ് തോമസ് ഐസക്കിന് വോട്ട് തേടി പത്തനംതിട്ടയില്‍ എത്തിയത്. എതിര്‍ മുന്നണികളുടെ വാദങ്ങള്‍ക്ക് ഒന്നൊന്നായി മറുപടി നല്‍കുന്ന രീതിയില്‍ നോട്ടീസ് നല്‍കിയും വോട്ട് അഭ്യര്‍ത്ഥിച്ചു ആലപ്പുഴക്കാര്‍ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്.
ആലപ്പുഴ മാരാരിക്കുളം മണ്ഡലങ്ങളില്‍ എംഎല്‍എ ആയിരുന്നപ്പോഴും മന്ത്രി ആയിരുന്നപ്പോഴും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ നിരത്തിയാണ് പ്രചാരണം, മറു ചോദ്യങ്ങളും അഭിപ്രായങ്ങളും ഉയരുന്നുണ്ടെങ്കിലും മറുപടി പറഞ്ഞാണ് പ്രവര്‍ത്തകര്‍ മുന്നേറുന്നത്
പത്തനംതിട്ടയില്‍ ഐസക്ക് വിജയിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. വരും ദിവസങ്ങളിലും സസ്‌പെന്‍സ് ആയി ചിലര്‍ പത്തനംതിട്ടയിലെത്തി പ്രചാരണം നടത്തുമെന്നും ഇടത് ക്യാമ്പ് പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും മുന്നണികള്‍ വോട്ട് നേടാന്‍ നടത്തുന്ന അടവ് നയങ്ങളും ശ്രദ്ധേയമാണ്.