കാസര്‍ഗോഡ് പുതിയ ബസ്റ്റാന്‍ഡില്‍ വനിതകള്‍ക്കായി നിര്‍മിച്ച വിശ്രമ കേന്ദ്രം അടഞ്ഞ് തന്നെ. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ മൂലം പൂട്ടി കിടക്കുന്നത്.
നഗരത്തിലെത്തുന്ന വനിതകള്‍ക്ക് വിശ്രമിക്കാനൊരിടം എന്ന ലക്ഷ്യത്തോടെയാണ് കാസര്‍കോട് നഗരസഭാ അധികൃതര്‍ വിശ്രമ കേന്ദ്രം നിര്‍മിച്ചത്. ടേക്ക് എ ബ്രേക്ക്' പദ്ധതി പ്രകാരം 18.88 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്.
യാത്രകാര്‍ക്ക് വിശ്രമിക്കാന്‍ ഒരിടം എന്ന ലക്ഷ്യത്തിലാണ് നിര്‍മ്മാണം ആരംഭിച്ചതെങ്കിലും പിന്നീടത് വനിതാ വിശ്രമകേന്ദ്രമായി മാറ്റുകയായിരുന്നു. 15 മാസങ്ങള്‍ക്ക് മുന്‍പ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യാണ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചത്.
ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം, ലഘുഭക്ഷണം, ശൗചാലയം, അമ്മമാര്‍ക്ക് മുലയൂട്ടാനുള്ളയിടം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെയുള്ളതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം... എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ക്ക് തന്നെകൃത്യമായ ധാരണയുമില്ല. വെള്ളവും വെളിച്ചവും തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ ചുവരുകള്‍ക്ക് ചായംപൂശി മോടിപിടിപ്പിച്ചാണ് കെട്ടിടം ഉദ്ഘാടനം ചെയ്തതെന്ന പരാതിയുമുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി എത്രയും വേഗം വിശ്രമ കേന്ദ്രം തുറന്നു കൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കത്തുന്ന ചൂടില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് പ്രയോജനകരമാകുന്ന കെട്ടിടമാണ്, ഇപ്പോള്‍ അധികൃതരുടെ അനാസ്ഥ മൂലം അടഞ്ഞ് കിടക്കുന്നത്. ഇത് എന്ന് തുറന്ന് നല്‍കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തതയില്ലാത്ത് കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.