കാസർകോട്, കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാറിന്റെ നിലപാട് തേടി. മരിച്ച ഫർഹാസിന്റെ മാതാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് നിലപാട് വ്യക്തമാക്കാൻ കോടതി നിർദ്ദേശിച്ചത്.
കഴിഞ്ഞവർഷം ഓഗസ്റ്റ് 25 നാണ് പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ് മുഹമ്മദ് ഫർഹാസ് മരണപ്പെട്ടത്. പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടരുന്നതിനിടയിലാണ് അപകടം. ഡിജിറ്റൽ ഉപകരണങ്ങൾ വഴി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തണമെന്ന കർശനം നിർദ്ദേശം ലംഘിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ ഫർഹാസിനെയും കൂട്ടരെയും 7 കിലോമീറ്റർ ദൂരം പിന്തുടർന്നത്.
വിദഗ്ധ ചികിത്സയ്ക്കിടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഫർഹാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസിന്റെ വീഴ്ചയാണ് മരണകാരണമെന്നാണ് മാതാവ് സഫിയയുടെ ആരോപണം. ഉത്തരവാദിയായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപ അനുവദിക്കണമെന്നുമാണ് സഫിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫർഹാസിന്റെ മരണത്തിൽ പോലീസിന് വീഴ്ചയിലെന്നാണ് ക്രൈംബ്രാഞ്ച് അനേഷണം റിപ്പോർട്ട് ,പക്ഷെ ജുഡീഷണൽ കോടതി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഹൈക്കോടതി സർക്കാർ നിലപാട് വ്യക്തമാക്കാൻ നിർദ്ദേശിച്ചത്. പോലീസിന്റെ വിശദീകരണവും ഹൈക്കോടതി തേടിയിട്ടുണ്ട്.