Share this Article
image
പാതയോരത്തെ ഓടയില്‍ വീണ പശുവിന് രക്ഷകരായി ഇടുക്കി അടിമാലി അഗ്‌നിരക്ഷാ സേന
Idukki Adimali Agniraksha Sena rescues a cow that fell into a ditch on the roadside

പാതയോരത്തെ ഓടയില്‍ വീണ പശുവിന് രക്ഷകരായി ഇടുക്കി അടിമാലി അഗ്നിരക്ഷാ സേന.  കല്ലാര്‍കുട്ടി പാലത്തിന് സമീപം പാതയോരത്തെ ഓടയില്‍ വീണ് കുടുങ്ങിപ്പോയ കറവപ്പശുവിനെയാണ് അഗ്നിരക്ഷാ സേന രക്ഷിച്ചത്. സംഭവ സമയം ഇതുവഴിയെത്തിയ ചില പൊതുപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ കൂടിയാണ് വളര്‍ത്തുമൃഗത്തിന് തുണയായത്.

യുവാക്കള്‍ രണ്ട് പേര്‍ മൂവാറ്റുപുഴ ഭാഗത്തേക്ക് കറവപ്പശുവിനെ വാങ്ങി പോകുന്നതിനിടയിലായിരുന്നു പശു അബന്ധത്തില്‍ കല്ലാര്‍കുട്ടി പാലത്തിന് സമീപം പാതയോരത്തെ ഓടയില്‍പ്പെട്ടത്. അഞ്ചടിയോളം താഴ്ച്ചയുള്ള വലിയ ഓടയില്‍ പശു അകപ്പെട്ടതോടെ യുവാക്കള്‍ പ്രതിസന്ധിയിലായി.

ഓടക്കുള്ളില്‍ പശു കുരുങ്ങി നില്‍ക്കുന്ന അവസ്ഥ. നട്ടുച്ച നേരത്തെ ചൂട്. പശുവും യുവാക്കളും ഒരു പോലെ വലഞ്ഞു.സംഭവ സമയം ഇതുവഴി ചില പൊതു പ്രവര്‍ത്തകരെത്തി. കാര്യം മനസ്സിലാക്കിയതോടെ യുവാക്കളുടെ നിസ്സഹായവസ്ഥ തിരിച്ചറിഞ്ഞു.പശുവിനെ കരക്കെത്തിക്കാനാകുമോയെന്ന് എല്ലാവരും ചേര്‍ന്നൊരു കൈനോക്കിയെങ്കിലും രക്ഷയുണ്ടായില്ല.

സഹായത്തിനായി അടിമാലി അഗ്നിരക്ഷാ സേനയെ വിളിക്കാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞയുടന്‍ കൈതാങ്ങായി അടിമാലി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. പശുവിനെ ഓടയില്‍ നിന്ന് കരക്കെത്തിക്കാനുള്ള ശ്രമമാരംഭിച്ചു.

സേനാംഗങ്ങളുടെ ഉചിതമായ ഇടപെടലിലൂടെ പരിക്കുകള്‍ ഒന്നുമില്ലാതെ പശുവിനെ ഓടയില്‍ നിന്നും റോഡിലെത്തിച്ചു.യുവാക്കള്‍ക്കും പശുവിനും ഒരേ പോലെ ആശ്വാസം.ഒരു മിണ്ടാപ്രാണിക്ക് തുണയായതിന്റെ സംതൃപ്തിയില്‍ അഗ്നിരക്ഷാ സേനാംഗങ്ങളും പൊതുപ്രവര്‍ത്തകരും മടങ്ങി.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories