പൊലീസ് അനാസ്ഥയുടെ രക്തസാക്ഷിയായിരിക്കുകയാണ് അഞ്ചല്‍ അഗസ്ത്യകോട് സ്വദേശി രതീഷ്. കള്ളനെന്ന് മുദ്രകുത്തി ജയിലില്‍ അടയ്ക്കപ്പെട്ട് ജീവിതം വഴി മുട്ടിയ രതീഷ് ജീവിതത്തോടും സമൂഹ്യ വ്യവസ്ഥയോടും തോല്‍വി സമ്മതിച്ച് മടങ്ങി. ഒരു വിഭാഗം പൊലീസുകാരുടെ വേട്ടയാടലില്‍ ഇല്ലാതായ മറ്റൊരു ജീവിതം
കുറ്റവാളിയെന്ന പേരില്‍ 45 ദിവസമാണ് രതീഷ് എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തത്. ആ 45 ദിവസത്തിന്റെ അപമാനഭാരം ആ മനുഷ്യന്റെ ജീവന്‍ തന്നെ കവര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.
2014 ല്‍ അഞ്ചലിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്നും 8 ലക്ഷം രൂപ മോഷണം പോയ സംഭവത്തിലാണ് രതീഷ് അറസ്റ്റിലാകുന്നത്. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും അന്വേഷണം നടത്താതെ രതീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ കുറ്റം സമ്മതിപ്പിക്കുവാന്‍ പോലീസ് രതീഷിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നു.
റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം തന്നെ കള്ളക്കേസില്‍ കുടിക്കിയ അഞ്ചല്‍ പോലീസിനെതിരെ കോടതിയെ സമീപിക്കുകയും ഇതിന്റെ വിധി വരാനിരിക്കെയുമാണ് രതീഷ് ഇന്നലെ തൂങ്ങിമരിച്ചത്.
തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ച് ജീവിതത്തില്‍ തോറ്റുപോയെന്ന നിമിഷത്തില്‍ രതീഷ് ജീവനൊടുക്കി. താന്‍ കള്ളനല്ലെന്ന് നിയമവ്യവസ്ഥയോട് പലയാവര്‍ത്തി പറഞ്ഞിട്ടും അത് കേട്ടില്ല, യഥാര്‍ത്ഥ പ്രതി കുറ്റസമ്മതം നടത്തുംവരെ. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം കേസ് നടത്തിയുണ്ടായ കടബാധ്യതയുമാണ് ആത്മഹത്യക്ക് കാരണമെന്ന് രതീഷിന്റെ ഭാര്യ രജനി പറയുന്നു
കള്ളനല്ലെന്ന് 6 വര്‍ഷത്തിനൊടുവിലാണ് തെളിഞ്ഞത്. ഏക വരുമാനമായ ഓട്ടോ തുരുമ്പെടുത്തു നശിച്ചു. രതീഷും കുടുംബവും അപമാനഭാരത്തില്‍ കള്ളനല്ലെന്ന് സമൂഹത്തോട് പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ ഇനി വയ്യെന്ന തീരുമാനത്തിലെപ്പോഴോ രതീഷ് ജീവിതം അവസാനിപ്പിച്ചു, കള്ളനാക്കിയ ലോകത്തോട് വിട പറഞ്ഞു.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആപ്തവാക്യം പിന്നെയും ബാക്കിയാകുന്നു, രതീഷിന്റെ ബാധ്യതകളും. ഒപ്പം ചടങ്ങുപോലെ കള്ളക്കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്കെതിരെ നടക്കുന്ന വകുപ്പ് തല അന്വേഷണങ്ങളും .