ആനക്കാം പൊയില്‍-കള്ളാടി -മേപ്പാടി തുരങ്കപാതയുടെ ടെന്‍ഡര്‍ തുറന്നു. പാതയുടെ നിര്‍മ്മാണം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.
തുരങ്കപ്പാതയുടെ നിര്‍മ്മാണത്തിനായി ഫേസ് ഒന്നില്‍ അഞ്ച് കമ്പനികളും ഫേസ് രണ്ടില്‍ എട്ട് കമ്പനികളുമാണ് പങ്കെടുത്തത്. ഫേസ് ഒന്നില്‍ പാലവും അപ്രോച് റോഡും , ഫേസ് രണ്ടില്‍ തുരങ്കപാത നിര്‍മാണവുമാണ് ഉള്‍പ്പെടുത്തിയത്. സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമേ കരാര്‍ ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാകൂ.
തുടര്‍ന്നുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ പി.ആര്‍.ഒ അരുണ്‍ പറഞ്ഞു.ഓണ്‍ലൈന്‍ വഴിയാണ് കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചത്. തുരങ്കപാത നിര്‍മാണത്തിനായി രണ്ടു പാക്കേജുകളായുള്ള ടെന്‍ഡറുകളാണ് നല്‍കിയത്.
സമീപ റോഡും രണ്ടു പാലങ്ങളും ഉള്‍പ്പെടുന്ന ഒരു പാക്കേജും ഇരട്ട തുരങ്കപാത മാത്രമായി മറ്റൊന്നും. കോഴിക്കോട് ജില്ലയില്‍ 45 സര്‍വേ നമ്പറുകളിലുള്ള ഭൂമി ഏറ്റെടുക്കാന്‍ 40 കോടിയും വയനാട്ടില്‍ 15 കോടിയുമാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്.
കോഴിക്കോട്ടെ 14 പേര്‍ക്കുള്ള തുക അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മറ്റ് നടപടികള്‍ പൂര്‍ത്തിയാകു. വയനാട്ടിലെ ഭൂ ഉടമകളുമായുള്ള ചര്‍ച്ചയും നഷ്ടപരിഹാര പാക്കേജ് തീരുമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു.
തഹസില്‍ദാര്‍ തെരഞ്ഞെടുപ്പ് ചുമതലയ്ക്ക് നിയോഗിക്കപ്പെട്ടതോടെ 26ന് ശേഷം നടപടികള്‍ പുനരാരംഭിക്കും. കോഴിക്കോട് ജില്ലയിലെ നാല് ഭൂവുടമകള്‍ ഇതിനിടെ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ അവകാശത്തിലുള്ള ഭൂമി പൂര്‍ണമായും ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഇതില്‍ രണ്ടു പേര്‍ നഷ്ടപരിഹാരം സ്വീകരിക്കാന്‍ സമ്മതം അറിയിച്ചതായി കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.