ഇടുക്കി കട്ടപ്പന ആനകുത്തിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു.തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘമാണ് പന്നിയെ വെടിവച്ചത്.
ഇന്നലെ രാവിലെയാണ് കണ്ണക്കാത്തടത്തിൽ ബേബിയുടെ പുരയിടത്തിലെ പത്തടിയോളം ആഴമുള്ള കിണറ്റിൽ കൂറ്റൻ കാട്ടുപന്നി വീണത്.ഏലത്തോട്ടത്തിൽ ജോലിക്ക് പോയ തൊഴിലാളികളാണ് കിണറ്റിൽ പന്നി വീണ വിവരം ഉടമയെ അറിയിച്ചത്.തുടർന്ന് ഈ വിവരം വനം വകുപ്പിനെ അറിയിച്ചു.
പുളിയന്മല സെക്ഷനിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പന്നിയെ വെടിവച്ച് കൊല്ലാമെന്ന് നാട്ടുകാരെ അറിയിച്ചു.തുടർന്ന് കട്ടപ്പന നഗരസഭ അധ്യക്ഷയുടെ അനുമതിയോടെ കുമളിയിൽ നിന്നെത്തിയ ആർ.ആർടി.സംഘം എത്തി പന്നിയെ വെടിവച്ചു കൊലപ്പെടുത്തി...
ലൈസൻസുള്ള തോക്കുകൾ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പിടിച്ചെടുത്തത്തിനാലാണ് പന്നിയെ വെടിവയ്ക്കാൻ പ്രത്യേക സംഘം എത്തിയത്.പന്നിയുടെ ജഡം കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഫിനോയിൽ ഒഴിച്ച് നശിപ്പിച്ച ശേഷം മറവ് ചെയ്തു.
കിണറ്റിൽ വീണ കാട്ടുപന്നിക്ക് എഴുപത് കിലോയോളം തൂക്കമുണ്ടെന്ന് വനപാലകർ പറഞ്ഞു.മേഖലയിൽ സ്ഥിരമായി കാട്ടുപന്നികൾ വിളകൾ നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.കുമളി ഡെപ്യൂട്ടി.റേഞ്ച് ഓഫീസർ ജോജി എം ജേക്കബ്,ഉദ്യോഗസ്ഥരായ കിഷോർ കെഎസ്,ജെ വിജയകുമാർ, എസ് ബിജു,റ്റികെ സജി,ഇ ഷൈജുമോൻ എന്നിവർ അടങ്ങിയ സംഘമാണ് പന്നിയെ വെടിവച്ചത്.