ഓഫീസുകള്‍ പലത് കയറി ഇറങ്ങിയിട്ടും ഇനിയും വീട്ടില്‍ വൈദ്യുതിയെത്താത്തതിന്റെ പ്രയാസമനുഭവിക്കുകയാണ് ഒരു വയോധിക.ഇടുക്കി മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന ധനഭാഗ്യമാണ് ഇന്നും വീട്ടില്‍ വൈദ്യുതിയെത്താത്തതിന്റെ ദുരിതം അനുഭവിക്കുന്നത്.കനിയേണ്ടവര്‍ കണ്ണുതുറക്കാതെ വന്നതോടെ ഒറ്റമുറി വീട്ടില്‍ സോളാര്‍ വെളിച്ചമാണ് ധനഭാഗ്യത്തിന്റെ ഇപ്പോഴത്തെ ആശ്രയം.
എഴുപത് വയസ്സിലധികം പ്രായമുള്ള ധനഭാഗ്യം 30 വര്‍ഷത്തോളമായി മൂന്നാറില്‍ താമസമാരംഭിച്ചിട്ട്.ഒറ്റമുറി വീട്ടില്‍ തനിച്ചാണ് താമസം.മക്കളെല്ലാം വിവാഹിതരായി തമിഴ്‌നാട്ടിലാണ്.സ്വന്തമായുള്ള വീട്ടില്‍ വൈദ്യുതിയെത്തണമെന്നാണ് ഈ വയോധികയുടെ എറ്റവും വലിയ ആഗ്രഹം.
ആവതുള്ള കാലത്ത് വൈദ്യുതി കിട്ടാനായി ഓഫീസുകള്‍ പലത് കയറി ഇറങ്ങി. ഫലം നിരാശ മാത്രമായിരുന്നു.ഇന്നിപ്പോള്‍ ഓഫീസുകള്‍ കയറി ഇറങ്ങാനുള്ള ആവത് ധനഭാഗ്യത്തിനില്ല.അതു കൊണ്ടു തന്നെ വീട്ടില്‍ വൈദ്യുതിയെത്തുകയെന്ന മോഹം ധനഭാഗ്യം ഉപേക്ഷിച്ച് കഴിഞ്ഞു.
കണക്ഷന്‍ നല്‍കുവാനുള്ള ചില രേഖകള്‍ ഹാജരാക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യം ഉന്നയിക്കുന്നതായി ധനഭാഗ്യം പറയുന്നു.രേഖകള്‍ സംഘടിപ്പിക്കുവാന്‍ വീണ്ടും ഓഫീസുകള്‍ കയറി ഇറങ്ങുവാനുള്ള ആവതിപ്പോള്‍ ധനഭാഗ്യത്തിനില്ല.സോളാര്‍ വെളിച്ചമാണ് ഇപ്പോഴത്തെ ആശ്രയം.പക്ഷെ രാത്രി എത്ര നേരം സോളാര്‍, വെളിച്ചം ചൊരിയുമെന്നതിന് യാതൊരു വ്യക്തയുമില്ല.
ചില ദിവസങ്ങളില്‍ നേരത്തെ ലൈറ്റണയും. കണ്ണിന് കാഴ്ച്ചക്കുറവ് കൂടിയുള്ള ധനഭാഗ്യത്തിന് പിന്നീടുള്ള ഇരുട്ട് വലിയ വെല്ലുവിളിയാണ്.വൈദ്യുതി കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇപ്പോള്‍ ഈ വയോധികക്കില്ല. പക്ഷെ വൈദ്യുതി കിട്ടിയാല്‍ തനിക്കത് വെളിച്ചമാകുമെന്ന് ധനഭാഗ്യം പറയുന്നു.