കാല്‍പ്പന്തായാലും ക്രിക്കറ്റായാലും കബഡിയായാലും കമന്ററിയുണ്ടെങ്കില്‍ പിന്നെ കളി വൈബാണ്. ആറുഭാഷയില്‍ കമന്ററി പറഞ്ഞ് വിസ്മയമാകുകയാണ് ഒരു കാസര്‍ഗോഡുകാരന്‍.
സപ്തഭാഷാ സംഗമഭൂമിയായ കാസര്‍ഗോഡുകാരനായ ദിവാകറിന് ആറുഭാഷയൊക്കെ നിസാരം. എന്നാല്‍ ആലപ്പുഴ മാന്നാറുകാര്‍ക്ക് അത് പുതുമയാണ്. മലയാളം മുതല്‍ മറാഠി വരെ കമന്ററിയില്‍ കേട്ടതോടെ ടീമാകെ ഞെട്ടി. മാന്നാര്‍ പാവുക്കരയില്‍ നടന്ന കബഡി ടൂര്‍ണമെന്റില്‍ ദിവാകര്‍ ഉപ്പളയുടെ ശബ്ദ വിസ്മയം ഉണ്ടാക്കിയ കൗതുകം ചെറുതല്ലെന്ന് ചുരുക്കം.
പാവുക്കര യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബിന്റെ 29-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അഖിലേന്ത്യാ പ്രൊ കബഡി ടൂര്‍ണ്ണമെന്റാണ് ഭാഷാ സംഗമവേദിയായത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, മറാഠി, തുളു എന്നീ ഭാഷകളിലായിരുന്നു ദിവാകറിന്റെ കമന്ററി. കാസര്‍കോട് ഉപ്പള സ്വദേശിയായ ദിവാകര്‍ കേബിള്‍ ടി.വി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന 1995 മുതല്‍ കമന്ററി രംഗത്ത് സജീവമായുണ്ട്.
ചെറുപ്പം മുതല്‍ കമന്ററി ഏറെ ഇഷ്ടപ്പെടുന്ന ദിവാകര്‍ ടി വി യില്‍ വരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്കള്‍ക്ക് സ്വന്തം ശൈലിയില്‍ കമന്ററി പറഞ്ഞാണ് പഠിച്ചത്. പ്രാദേശിക മത്സരങ്ങള്‍ കാണാന്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി കമന്ററി പറയാന്‍ മൈക്ക് കിട്ടി. അങ്ങനെ പ്രാദേശിക മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാകുകയായിരുന്നു.
പത്താം ക്‌ളാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ദിവാകര്‍ 12 ഓളം എ ഗ്രേഡ് കബഡി മത്സരങ്ങള്‍ക്കും, കേരളത്തില്‍ നടക്കുന്ന പ്രധാന ക്രിക്കറ്റ്, കബഡി, വടം വലി മത്സരങ്ങളിലും കമന്റേറ്ററായിട്ടുണ്ട്. ഓള്‍ ഇന്ത്യ കബഡി ടൂര്‍ണ്ണമെന്റിന് വേണ്ടി 2019ല്‍ ദുബായിലും 2023ല്‍ ഖത്തറിലും കമന്ററിയില്‍ തന്റെ ശബ്ദം കൊണ്ട് ആവേശം പകരാന്‍ ദിവാകര്‍ എത്തിയിരുന്നു.സര്‍ക്കാര്‍ മുന്നറിയിപ്പ് പരസ്യങ്ങള്‍ക്കും ദിവാകര്‍ ശബ്ദം നല്‍കിയിട്ടുണ്ട്.