ആലപ്പുഴ മാന്നാറില്‍ വീട്ടില്‍ വോട്ട് ചെയ്ത സന്തോഷത്തിലാണ് കുരട്ടിശ്ശേരി സ്വദേശി ഫാത്തിമാക്കുഞ്ഞ്. എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്തിരുന്ന ഫാത്തിമാക്കുഞ്ഞ് ഇത്തവണ തന്റെ സമ്മതിദാനാവകാശം വീട്ടിലെ വോട്ടിലൂടെയാണ് രേഖപ്പെടുത്തിയത്.
വീണ്ടും വീട്ടില്‍ വോട്ട് ചെയ്ത സന്തോഷത്തിലാണ് 87 കാരിയായ ഫാത്തിമാകുഞ്ഞ്. കേരള രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് മാന്നാര്‍ അബ്ദുല്‍ ലത്തീഫിന്റെ മാതാവായ ഫാത്തിമാക്കുഞ്ഞ് തെരഞ്ഞെടുപ്പിന്റെ ആരവം ഉയര്‍ന്നപ്പോള്‍ത്തന്നെ ഇത്തവണയും വോട്ട് ചെയ്യണമെന്ന ആഗ്രഹവുമായി മുന്നോട്ടുവരികയായിരുന്നു.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖാന്തിരം ഫാറം 12 ഡി യില്‍ അപേക്ഷ സമര്‍പ്പിച്ച് അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വോട്ടും ചെയ്തു. എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്തിരുന്ന ഫാത്തിമാക്കുഞ്ഞ് പ്രായാധിക്യം മൂലം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് വീട്ടില്‍ വോട്ട് ചെയ്ത് തുടങ്ങിയത്.
സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ സവിജ മോള്‍ വി.എസ്, മൈക്രോ ഒബ്‌സെര്‍വര്‍ ഷിജു മാത്യു, ബൂത്ത് ലെവല്‍ ഓഫീസര്‍ ഷീജ.എസ് തുടങ്ങിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും, ക്യാമറാമാനും അടങ്ങിയ സംഘമാണ് എത്തിയത്.
മകന്‍ മാന്നാര്‍ അബ്ദുല്‍ ലത്തീഫ് സഹായിയായി മാതാവിനൊപ്പം ഉണ്ടായിരുന്നു. പ്രായാധിക്യത്തിന്റെ അവശതയിലും വോട്ട് ചെയ്യണമെന്ന ആഗ്രഹം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് ഫാത്തിമാകുഞ്ഞ്.