പത്തനംതിട്ട കോന്നി ഇളകൊളളൂര്‍ അതിരാത്ര യാഗത്തിന് തുടക്കമായി. ഇളകൊള്ളൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലാണ് 11 ദിവസം നീണ്ടു നില്‍ക്കുന്ന അത്യപൂര്‍വ അതിരാത്രയാഗംനടക്കുന്നത്.
41 വൈദിക ശ്രേഷ്ഠര്‍ പങ്കെടുക്കുന്ന യാഗം ആധുനിക കാലത്ത് മദ്ധ്യ ദക്ഷിണ കേരളത്തിലെ വലിയ യാഗമായാണ് കരുതപ്പെടുന്നത്. നിരവധി വിശ്വാസികളാണ് ഇന്നലെ യാഗാരംഭം കാണുന്നതിനായി എത്തിചേര്‍ന്നിരിക്കുന്നത്.
വൈകിട്ട് 6 മണിക്കു ശേഷമുള്ള മുഹൂര്‍ത്തത്തില്‍ യാഗ വൈദികര്‍ ഒരുമിച്ച് യാഗവിളക്കിലേക്ക് അഗ്‌നിനാളം പകര്‍ന്നാണ് അതിരാത്രത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സാസ്‌കാരിക സമ്മേളനവും നടന്നു. കേസരി വാരികയുടെ പത്രാധിപര്‍ എന്‍.ആര്‍ മധു യാഗങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
എന്‍ ജി ഉണ്ണികൃഷ്ണന്‍ ഇടപ്പാവൂര്‍ യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു.സര്‍വ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും നടന്നു. അതിരാത്രത്തിന്റെ ആരംഭം സോമയാഗത്തിലാണ്. 6 ദിവസം അത് തുടരും. തുടര്‍ന്ന് സംപൂര്‍ണ അതിരാത്ര യാഗത്തിലേക്കു കടക്കും.
മെയ് 1 നു വെകിട്ട് 3 മണിക്ക് പൂര്‍ണാഹുതി നടക്കും. ഡോക്ടര്‍ ഗണേഷ് ജോഗ്ലേക്കര്‍ ആണ് അതിരാത്രത്തില്‍ പ്രധാന ആചാര്യ പദവി വഹിക്കുന്നത്. മഹായാഗത്തില്‍ പങ്കെടുക്കുന്നതിനും വഴിപാടുകള്‍ കഴിക്കുന്നതിനും ഭക്തര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാര്‍ച്ചന, കളത്ര മന്ത്രാര്‍ച്ചന, പ്രവര്‍ഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂര്‍ണ യാഗം എന്നിങ്ങനെ പൂജകള്‍ അര്‍പ്പിക്കാം..
പി ആര്‍ മുരളീധരന്‍ നായരാണ് ജനറല്‍ കണ്‍വീനര്‍. വിഷ്ണു മോഹന്‍ ചെയര്‍മാനായുള്ള സംഹിതാ ഫൗണ്ടേഷന്‍ ആണ് സംഘാടകര്‍. രക്ഷാധികാരി അനീഷ് വാസുദേവന്‍ പോറ്റി, കെ സി പ്രദീപ് കുമാര്‍ ആര്‍ അനില്‍ രാജ്, അഭിലാഷ് അയോദ്ധ്യ ബബിലു ശങ്കര്‍, വി പി അഭിജിത്ത്, വി പി ഹരികുമാര്‍, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാര്‍, ഗിരീഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാഗം നടക്കുന്നത്.