സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാൻ ആറോളം സംസ്ഥാനങ്ങളിലായി 19 കേസുകളിൽ പ്രതിയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാംസുന്ദര്‍. നേരത്തെ തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ അന്നേ ദിവസം പ്രതി 3 വീടുകളിൽ കൂടി മോഷണശ്രമം നടത്തിയതായി കമ്മീഷണർ വ്യക്തമാക്കി.
ഈ മാസം 20-ാം തീയതിയാണ് മോഷ്ടാവ് കൊച്ചിയിൽ എത്തിയത്. സംവിധായകൻ ജോഷിയുടെ വീടിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വെള്ള നിറത്തിലുള്ള ഹോണ്ട അക്കോര്‍ഡ് കാര്‍ സംശയാസ്പദമായ തരത്തില്‍ പോകുന്നതു കണ്ടു.
കാര്‍ ഉച്ചയോടെ കാസര്‍കോട് ജില്ല കടന്നതായി കണ്ടെത്തുകയും കര്‍ണാടക പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഉഡുപ്പിയിൽ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്.
കാറില്‍ ബിഹാറിലെ സീതാമര്‍സി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ബോര്‍ഡ് വെച്ചിട്ടുണ്ട്. മോഷ്ടാവിൻ്റെ ഭാര്യ അവിടത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. കേസുമായി ബന്ധപ്പെട്ട് ഇയാൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതിൽ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്.
സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്നും 1 കോടി 20 ലക്ഷം രൂപയുടെ സമ്പാദ്യമാണ് മോഷ്ടിക്കപ്പെട്ടത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അടുക്കള ഭാഗത്തെ ജനൽ തുറന്നാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. വീട്ടിലെ ലോക്കർ പൂട്ടിയിരുന്നില്ലെന്ന് കമ്മീഷണർ പറഞ്ഞു. നേരത്തെ മോഷണക്കേസില്‍ പിടിയിലായിരുന്ന ഇർഫാൻ ജയിലിലായിരുന്നു. ഒരുമാസം മുമ്പാണ് ഇയാള്‍ ജാമ്യത്തിൽ ഇറങ്ങിയത്.