കാടുകയറിയ കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും ജനവാസ മേഖലയില്‍. ഇന്നലെ രാത്രിയില്‍ മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ എത്തിയ പടയപ്പ കൃഷികള്‍ നശിപ്പിക്കുകയും മേഖലയില്‍ ഭീതി പടര്‍ത്തുകയും ചെയ്തു.ജനവാസ മേഖലയില്‍ നിന്ന് പടയപ്പ ഇനിയും വനത്തിലേക്ക് പിന്‍വാങ്ങിയിട്ടില്ല.
മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി.മൂന്നാര്‍ കുറ്റിയാര്‍വാലി മേഖലയില്‍ ആണ് കാട്ടുകൊമ്പന്‍ എത്തിയത്.
ജനവാസ മേഖലയില്‍ എത്തിയ കാട്ടാന പ്രദേശത്ത് കൃഷിനാശം വരുത്തി.വനപാലകരെത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തിയെങ്കിലും തൊഴിലാളികള്‍ താമസിക്കുന്ന കൊരണ്ടിക്കാട് മേഖലയില്‍ പടയപ്പ നിലയുറപ്പിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ പടയപ്പ പതിവായി തന്നെ ജനവാസമേഖലകളിലും റോഡിലുമൊക്കെയിറങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍ ആര്‍ റ്റി സംഘം പടയപ്പയെ കാട്ടിലേക്ക് തുരത്തുന്ന നടപടികള്‍ ആരംഭിക്കുകയും കാട്ടാനയെ കാടു കയറ്റുകയും ചെയ്തിരുന്നു.
ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും ആന ജനവാസമേഖലയില്‍ എത്തിയിട്ടുള്ളത്. മഴക്കാലമാരംഭിച്ച് വനത്തില്‍ തീറ്റയുടെ ലഭ്യത വര്‍ധിക്കുന്നതോടെ ആന പൂര്‍ണ്ണമായി വനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ തൊഴിലാളി കുടുംബങ്ങള്‍.